കാണാമറയത്തുള്ള അച്ഛനും അമ്മയ്ക്കും വേണ്ടി രക്ഷാപ്രവർത്തകരോട് കെഞ്ചി ചൂരൽമല സ്വദേശി ലിജോ. വീടിരുന്നതിന്‍റെ മുകൾഭാഗത്ത് ചെളിയടിഞ്ഞ ഭാഗത്ത് തിരയണമെന്ന ലിജോയുടെ ആവശ്യം രക്ഷാപ്രവർത്തകർ അംഗീകരിച്ചെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
കഴിഞ്ഞ ആറ് ദിവസങ്ങളായി ലിജോ ഈ നിൽപ് നിൽക്കാൻ തുടങ്ങിയിട്ട്. വെള്ളാർ മല സ്കൂൾ റോഡ് മനുഷ്യർക്ക് നടന്നെത്താൻ പാകമായപ്പോൾ മുതൽ ലിജോ ഇവിടെ വന്നു നോക്കും . കണ്ണിൽ നിറയെ അച്ഛൻ ജോസഫിനും അമ്മ ലീലാമ്മയ്ക്കുമൊപ്പം കഴിഞ്ഞ സന്തോഷദിനങ്ങൾ. വീടിരുന്നിടത്ത് മിച്ചമൊന്നുമില്ല. പറമ്പിന് മുകൾ ഭാഗത്ത് 47 അടി ഉയരത്തിലാണ് മണ്ണ് അടിഞ്ഞുകൂടിയത്. അവിടെ നിന്ന് വീട്ടു സാധനങ്ങൾ കിട്ടിയതോടെയാണ് ആ ഭാഗത്ത് തിരയണമെന്ന് ആവശ്യപ്പെട്ടത്
ഉരുൾ ഇരച്ചെത്തിയപ്പോൾ ജോലി സ്ഥലത്ത് ആയതുകൊണ്ട് മാത്രമാണ് ലിജോ ബാക്കിയായത്. ലോങ് ബൂം എസ് കവേറ്റർ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവിടെ തിരയുന്നത്.