ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനത്തിന് സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ തൽക്കാലത്തേക്ക് മറ്റു സ്കൂളുകളിലേക്ക് മാറ്റുന്നതിനൊപ്പം തുടർപഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അടക്കം അതിവേഗം എത്തിക്കാനാണ് തീരുമാനം.
ചൂരൽ മലയെ തഴുകി പോകുന്ന പുന്നപ്പുഴയുടെ ഓരത്തായിരുന്നു ആ സ്കൂൾ. വെള്ളാർമല ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ. മലവെള്ളപ്പാച്ചിൽ സ്കൂളിന്‍റെ നല്ലൊരു ഭാഗവും എടുത്തിട്ടുണ്ട്. അവശേഷിക്കുന്ന കെട്ടിടങ്ങൾ ആകട്ടെ ബലക്ഷയം കാരണം ഏതുനിമിഷവും നിലം പൊത്താം. തൊട്ടപ്പുറത്തുള്ള മുണ്ടക്കൈ എൽ.പി സ്കൂൾ ആകട്ടെ പൂർണ്ണമായി തകർന്നു കഴിഞ്ഞു. ഈ കെട്ടിടങ്ങൾ എല്ലാം മാറ്റി സ്ഥാപിക്കണമെങ്കിൽ സമയമെടുക്കും. അതിനാൽ വെള്ളാർമല സ്കൂൾ തൽക്കാലം മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലേക്കും മുണ്ടക്കൈ എൽ.പി സ്കൂൾ മേപ്പാടി എൽ.പി സ്കൂളിനോട് ചേർന്നുള്ള എപിജെ ഹാളിലും പ്രവർത്തിപ്പിക്കാൻ ആണ് തീരുമാനം. കുട്ടികളെ പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിച്ച് തുടർപഠനം സുഗമമാക്കുക എന്ന കടുത്ത വെല്ലുവിളി ആണ് മുന്നിൽ.
ഒപ്പം പഠനോപകരണ കിറ്റും പുതിയ യൂണിഫോമുകളും കുട്ടികൾക്ക് നൽകും. 600 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. സ്കൂളുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും ഈയാഴ്ച തന്നെ ഒരുക്കും.