പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൂട്ടായ ചർച്ചയിലൂടെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം കണക്കിലെടുത്താവും സ്ഥാനാർഥി നിർണയം. ബി.ജെ.പിക്ക് പാലക്കാട് ജയിക്കാനാവില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ മതിമറിക്കാതെയുള്ള പ്രവര്‍ത്തനം വേണമെന്നും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗത്തിൽ കെ.മുരളീധരൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കാണ് യോഗം നിശ്ചയിച്ചതെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രധാന ചർച്ചയായി. കൂട്ടുത്തരവാദിത്തത്തോടെ മുന്നേറിയാൽ സീറ്റ് നിലനിർത്താനാവും. സ്ഥാനാർഥികളെക്കുറിച്ചുള്ള പേരുകൾ അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുമെന്ന് ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. മതിയായ ചർച്ചയിലൂടെ സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന് യോഗത്തിന്റെ ഉദ്ഘാടകനായ കെ മുരളീധരൻ. 

പലയിടത്തും ബൂത്ത് കമ്മിറ്റികള്‍ ദുര്‍ബലമാണെന്ന ആക്ഷേപം പരിഹരിക്കും. ലോക്സഭാ തിര‍ഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വിജയിക്കാമെന്ന് കരുതരുതെന്നും ആത്മാര്‍ഥമായ പരിശ്രമം വേണമെന്നും യോഗം വിലയിരുത്തി. ഇതിനിടെ യു.ഡി.എഫ് ഘടകകക്ഷിയായ നാഷണല്‍ ജനതാദള്‍ കൈപ്പത്തി ചിഹ്നം വരച്ച് വോ‌‌ട്ടഭ്യര്‍ഥിച്ച് നഗരത്തില്‍ ചുവരെഴുത്തും തുടങ്ങി. 

ENGLISH SUMMARY:

K. Muraleedharan will announce the Congress candidate for the Palakkad Assembly by-election through collective discussion.