വടകര തിരഞ്ഞെടുപ്പിനിടെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ റിബേഷ്, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റാണെന്ന് പരാതിക്കാരനായ മുഹമ്മദ് കാസിം. റിബേഷിന് സിപിഎം നേതാക്കളുമായുള്ള ബന്ധത്തിന്റ ചിത്രങ്ങളടക്കം പുറത്തുവിട്ട കാസിം, റിബേഷ് സ്കൂള്‍ അധ്യാപകനാണന്നും വ്യക്തമാക്കി. ഇതിനിടെ, നേതാക്കൾക്കെതിരെ തെറ്റായ പ്രചാരണമെന്ന വാദമുയര്‍ത്തി ഡിവൈഎഫ്ഐ രംഗത്തെത്തി.
മുഹമ്മദ് കാസിമിന്റ പേരിലാണ് വോട്ടെടുപ്പിന്റ തലേന്ന് കെ കെ ശൈലജയെ മതനിഷേധിയായി ചിത്രീകരിച്ചു കൊണ്ടുള്ള സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നത്. കാസിമിന് ഇതില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പായ റെഡ് എന്‍കൗണ്ടറിലാണ് ഇതാദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയത്. റിബേഷാണ് അഡ്മിന്‍. സിപിഎം തന്നെയാണ് സ്ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്നതാണ് പൊലീസ് കണ്ടെത്തലെന്ന് കാസിം പറയുന്നു
വ്യാജ സ്ക്രീൻ ഷോട്ടിന്‍റെ ഭാഗമമായ റിബേഷിനെ അറസ്റ്റ് ചെയ്യണമെന്നും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. റെഡ് എന്‍കൗണ്ടറിന് പിന്നാലെ റെഡ് ബറ്റാലിയന്‍, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ വാട്സാപ് ഗ്രൂപ്പുകളിലും സ്ക്രീന്‍ഷോട്ട് വന്നിരുന്നു.ആര് നിര്‍മിച്ചുവെന്ന് വ്യക്തമല്ലാത്തതിനാല്‍ അഡ്മിന്‍മാരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രചരിപ്പിച്ചവരെ കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാത്തതിലും ദുരൂഹതയുണ്ട്.