തൃശൂര്‍ ദേശമംഗലത്ത് ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ റിട്ടയേര്‍ഡ് അധ്യാപിക നല്‍കിയ പന്ത്രണ്ട് സെന്‍റ് ഭൂമി കാടുകയറി നശിക്കുന്നു. ഇനിയെങ്കിലും, ഈ ഭൂമിയില്‍ നിര്‍ധന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അധ്യാപിക പറയുന്നു. 

38 വർഷം ടൈപ്പ് റൈറ്റിങ് അധ്യാപികയായിരുന്നു ചന്ദ്രമതി ടീച്ചര്‍. 2018 ൽ ദേശമംഗലത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി 54 സെന്റ് ഭൂമിയില്‍ നിന്ന് 12 സെന്റ് സർക്കാരിന് ദാനമായി കൊടുത്തു. ഉരുള്‍പൊട്ടലിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാരും സേവാഭാരതിയും വീടു നിര്‍മിച്ചു നല്‍കി. ഈ പന്ത്രണ്ട് സെന്‍റ് ആവശ്യം വന്നില്ല. ഇപ്പോള്‍ ഈ സ്ഥലം കാടുകയറി നശിച്ചു. മാത്രവുമല്ല, കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്. ഈ ഭൂമിയില്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി വീടു വയ്ക്കണമെന്ന് ചന്ദ്രമതി പറയുന്നു.  

ലൈഫ് പദ്ധതിയിൽ ഈ സ്ഥലത്ത് വീട് നിര്‍മിക്കാന്‍ പഞ്ചായത്തംഗം പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വയനാട് ദുരിതം അനുഭവിക്കുന്നവർക്ക് ഈ സ്ഥലം നൽകണമെന്നാണ് ടീച്ചറിന്റെ ആവശ്യം.  

ENGLISH SUMMARY:

The land given for the rehabilitation of the disaster victims in Desamangalam is being encroached by forest and is being destroyed