എറണാകുളം ജില്ലാ ജയിലിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥനൊപ്പം ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളെത്തിയെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. സുഹൃത്തുക്കളായ 3 പേർ റജിസ്റ്ററിൽ രേഖപ്പെടുത്താതെ ബോബിയെ സന്ദർശിച്ചെന്നും ഫോൺ വിളിക്കാൻ അടക്കം സൗകര്യം ചെയ്തുകൊടുത്തെന്നുമാണ് കണ്ടെത്തല്‍. ജയിലിലെ ക്യാമറാദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോബിയുടെ സുഹൃത്തുക്കൾക്കൊപ്പം ജയിൽ ഉദ്യോഗസ്ഥൻ ജയിലിൽ എത്തിയത്. ആദ്യം ഉദ്യോഗസ്ഥൻ മാത്രം അകത്തുകയറി. അതിനു ശേഷം പുറത്തു നിന്നെത്തിയവരുടെ പേരുകൾ റജിസ്റ്ററിൽ ചേർക്കാതെ അകത്തേക്കു വിടാൻ സൂപ്രണ്ടിനോടു നിർദേശിക്കുകയായിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വരുത്തി അവിടെ വച്ച് സുഹൃത്തുക്കളോട് 2 മണിക്കൂറിലേറെ അവിടെ അദ്ദേഹം സംസാരിച്ചതായാണു വിവരം. ബോബിക്ക് ഫോൺ ചെയ്യാൻ അവസരം നൽകണമെന്ന് കൂട്ടുകാർ പറഞ്ഞതിനെ തുടർന്നു ജയിൽരേഖകളിൽ മുൻകാല പ്രാബല്യത്തോടെ തിരുത്തൽ വരുത്തി 200 രൂപ നൽകിയെന്നാണ് കണ്ടെത്തൽ.

ജാമ്യ ഉത്തരവ് പുറത്തിറങ്ങിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച്  ബോബി ചെമ്മണ്ണൂര്‍. മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുള്ള  റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തിക്കാതിരുന്നതോടെ ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ തുടരുകയാണ്. ഹൈക്കോടതി ഉത്തരവുമായി നാലരയോടെ ബോബിയുടെ അഭിഭാഷകര്‍ രണ്ട് ജാമ്യക്കാരുമായി മജിസ്ട്രേറ്റ് കോടതിയിലെത്തി റിലീസ് ഓര്‍ഡര്‍ കൈപ്പറ്റി. എന്നാല്‍ പിന്നീട് ഈ ഉത്തരവ് ജയിലില്‍ എത്തിച്ചില്ല. ജയിലിലെ സഹതടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജയിലില്‍ തുടരുമെന്ന് ബോബി അഭിഭാഷകരെ നേരത്തെ അറിയിച്ചിരുന്നു. ഇതാണ് റിലീസ് ഓര്‍ഡര്‍ ജയിലില്‍ എത്തിക്കാതിരുന്നതിന് കാരണമെന്നാണ് സൂചന. ജയില്‍ മോചിതനാകുന്ന ബോബിയെ സ്വീകരിക്കാന്‍ ജീവനക്കാരടക്കം നൂറുകണക്കിന് പേരാണ് ജയിലിന് മുന്നിലെത്തിയിരുന്നത്. നാളെ രാവിലെ റിലീസ് ഓര്‍ഡര്‍ ജയിലിലെത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. 

ENGLISH SUMMARY:

Friends visited Boby in jail without registering in the log