എ.ഐ ക്യാമറകള്‍ കൊണ്ടും റോഡ് അപകടങ്ങള്‍ കുറയ്ക്കാനായില്ല. ക്യാമറ സ്ഥാപിച്ച ശേഷം മുന്‍ വര്‍ഷത്തേക്കാള്‍ ആറായിരത്തോളം അപകടങ്ങള്‍ കൂടിയപ്പോള്‍ പരുക്കേറ്റവരുടെ എണ്ണവും കുതിച്ചുയര്‍ന്നു. മരണസംഖ്യയില്‍ നേരിയ കുറവുണ്ടായത് മാത്രമാണ് ആശ്വാസം.

കാറില്‍ മുന്‍ സീറ്റിലുള്ളവര്‍ക്ക് സീറ്റ് ബെല്‍റ്റ്, ഇരുചക്രവാഹനത്തിലാണെങ്കില്‍ ഹെല്‍മറ്റ്, ഓവര്‍ ലോഡ്, മൊബൈല്‍ ഫോണ്‍ ഉപയോഗം. ഇത്രയും കാര്യങ്ങളാണ് എ.ഐ ക്യാമറ കയ്യോടെ പിടിക്കുന്നത്. റോഡില്‍ നിന്ന് പൊലീസും എം.വി.ഡിയുമൊക്കെ കണ്ടുപിടിക്കുന്ന ഈ നിയമലംഘനങ്ങള്‍ പിടിക്കാന്‍ എന്തിനാണ് 232 കോടി മുടക്കി എ.ഐ ക്യാമറയെന്ന് അന്നേ ചോദ്യമുയര്‍ന്നിരുന്നു

ഇനി കണക്കുകളൊന്ന് നോക്കാം. ക്യാമറ കണ്‍തുറന്നിരുന്ന 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 52823 അപകടം. ക്യാമറയില്ലാതിരുന്ന തൊട്ടുമുന്‍പത്തെ വര്‍ഷം, 46130 അപകടം. ക്യാമറയുണ്ടായിട്ടും 6693 അപകടം കൂടി. പരുക്കേറ്റവരുടെയണ്ണവും കൂടി, 6741.മരണക്കണക്കില്‍ അല്‍പം ആശ്വാസമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 103 മരണം കുറവാണ്. അപകടം കൂടിയെങ്കിലും മരണം കുറഞ്ഞത് കൂടുതലാളുകള്‍ ഹെല്‍മറ്റും സീറ്റ് ബല്‍റ്റുമൊക്കെയിട്ട് വാഹനമോടിച്ചതുകൊണ്ടാണെന്നും അങ്ങിനെ 103 പേരുടെ ജീവന്‍ രക്ഷിച്ചത് എ.ഐ ക്യാമറയുടെ നേട്ടമെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വാദം.

അവകാശവാദവും കണക്കുകളുമൊക്കെ എന്തുമാകട്ടെ. ഒറ്റക്കാര്യമേ പറയാനുള്ളു.എ.ഐ ക്യാമറ ഉണ്ടങ്കിലും ഇല്ലങ്കിലും നമ്മള്‍ സൂക്ഷിച്ചാല്‍ നമ്മുക്ക് കൊള്ളാം.

ENGLISH SUMMARY:

Despite the AI ​​camera, more than 6,000 more accidents than the previous year