അഭിമന്യൂവിന്‍റെ പേരില്‍ സ്കോളര്‍ഷിപ്പ് നല്‍കാന്‍ പിരിച്ച ഫണ്ട് അര്‍ഹര്‍ക്ക് നല്‍കാത്തതിനെ ചൊല്ലി വിവാദം. സിപിഎം അനുഭാവികള്‍ ഭാരവാഹികളായുള്ള മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവിന്‍റെ നേതൃത്വത്തില്‍ പിരിച്ച ഫണ്ട് ആറുവര്‍ഷമായി സ്കോര്‍ഷിപ്പായി വിതരണം ചെയ്യാത്തതാണ് വിവാദമായിരിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന് മുന്നില്‍ പരാതിയെത്തിയതോടെ സ്കോളര്‍ഷിപ്പ് വിതരണം അടുത്ത മാസം നടത്തുമെന്ന് ഭാരവാഹികള്‍ പ്രതികരിച്ചു.
മഹാരാജാസില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യൂവിന്‍റെ പേരില്‍ നടത്തിയ ഫണ്ട് പിരിവ് തിരുവനന്തപുരത്ത് സിപിഎമ്മിന് നാണക്കേടാവുകയാണ്. 2018 ല്‍ കെ ഇ എന്‍ കുഞ്ഞമഹമ്മദ് സ്കോളര്‍ഷിപ്പ് ഫണ്ട് പിരിവിലേക്ക് സംഭാവന നല്‍കുന്നത് അന്ന് സംഘടന സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ച തുക ആദ്യം 2022 ഒക്ടോബര്‍ 6ന് കാനറ ബാങ്കിലിട്ടു. അതു പിന്നീട് പലിശയുള്‍പ്പടെ 3, 72,393 രൂപയായി കേരള ബാങ്കിലേക്ക് മാറ്റി. പാര്‍ട്ടിക്ക് മുന്‍പില്‍ പരാതി എത്തിയതോടെ സ്കോളര്‍ഷിപ്പ് നല്‍കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇത്ര വര്‍ഷം വൈകിയെന്നതിന് കൃത്യമായ മറുപടിയില്ല . തുക അഞ്ചുലക്ഷമാകാന്‍ കാത്തിരുന്നുവെന്നാണ് ന്യായീകരണം
അഭിമന്യൂ പഠിച്ച വട്ടവട സ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. ഫണ്ട് പിരിവ് തുടങ്ങിയ കാലത്ത് തന്നെ സിപിഎം ജില്ലാ നേതൃത്വം അതിനെ വിലക്കയിരുന്നതായി സിപിഎം നേതാക്കള്‍ സൂചിപ്പിച്ചു. എന്നാല്‍ തങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ വാദം.