ഇടുക്കി തൊടുപുഴയിലെ കോൺഗ്രസ് ലീഗ് ഭിന്നതയിൽ ഡി സി സി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ്. ഡി സി സി പ്രസിഡന്റ് സി പി മാത്യു പങ്കെടുക്കുന്ന യു ഡി എഫ് യോഗങ്ങൾ ബഹിഷ്കരിക്കും. തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് ലീഗ് ജില്ല നേതൃത്വം.
തൊടുപുഴ നഗരസഭ ഭരണം കൈവിട്ടു കളഞ്ഞതിന് പിന്നാലെയാണ് ജില്ലയിലെ യു ഡി എഫ് ക്യാമ്പിൽ പൊട്ടിത്തെറി ഉണ്ടായത്. ജില്ലയിൽ സഹകരണത്തിനില്ലെന്ന ലീഗ് തീരുമാനത്തിന് ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കണ്ടന്നായിരുന്നു ഡി സി സി പ്രസിഡന്റിന്റെ മറുപടി. വിവാദങ്ങൾ അവസാനിപ്പിച്ച് പരസ്പരം ധാരണയിൽ എത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ചെങ്കിലും ഡിസിസി പ്രസിഡന്റ് സിപി മാത്യുവുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.
ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം ഒരുക്കിയ ലീഗ് തീരുമാനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. ഡിസിസി പ്രസിഡന്റിനെ പുറത്തിരുത്തിയുള്ള ചർച്ചയ്ക്ക് ജില്ലയിലെ കോൺഗ്രസ് നേതൃത്വം തയാറായേക്കില്ല. എന്നാൽ അതിരുവിട്ട സംസാരം സി പി മാത്യുവിന് വിനയാകുമെന്നാണ് സൂചന