lodge-biju-jesna

മുണ്ടക്കയത്ത് നിന്നും കാണാതായ ജെസ്ന മരിയ, തിരോധാനത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ലോഡ്ജിലെത്തിയിരുന്നുവെന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുണ്ടക്കയത്തെ ലോഡ്ജുടമ ബിജു. ജെസ്നയെ കണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീ 10 വര്‍ഷത്തോളം ലോഡ്ജിലെ താമസക്കാരിയായിരുന്നുവെന്നും അവരെ ലോഡ്ജില്‍ നിന്നും പറഞ്ഞുവിട്ടതിന്‍റെ വൈരാഗ്യത്തിലാണ് ആരോപണങ്ങളെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. 

ജെസ്നയെ കാണാതാകുന്നതിന് രണ്ട് മാസം മുന്‍പ് ആ രൂപ സാദൃശ്യമുള്ള ആരും ലോഡ്ജില്‍ വന്നിട്ടില്ല. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്ന പതിഞ്ഞത് എങ്ങനെയെന്ന് അറിയില്ല.  ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സിബിഐ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നുവെന്നും ബിജു പറയുന്നു. 

 

ലോഡ്ജിലെത്തുന്നവരുടെ എല്ലാം വിവരങ്ങള്‍ കൃത്യമായ രേഖകള്‍ സഹിതം റജിസ്റ്ററില്‍ സൂക്ഷിക്കാറുണ്ടെന്നും ജെസ്ന വന്നിട്ടില്ലെന്നും ബിജു ആവര്‍ത്തിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി നിലവില്‍ ആരോപണമുന്നയിച്ച സ്ത്രീയെയും ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നുവെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കാണാതെയാകുന്നതിന് രണ്ട് മാസം മുന്‍പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ ഒരു യുവാവിനൊപ്പം കണ്ടെന്നും ടെസ്റ്റെഴുതാന്‍ വന്നതാണെന്നാണ് പറഞ്ഞിരുന്നതെന്നുമായിരുന്നു ലോഡ്ജിലെ താമസക്കാരിയായിരുന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍. പത്രത്തില്‍ അടുത്ത ദിവസം പടം കണ്ടാണ് ജസ്നയാണെന്ന് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ ലോഡ്ജുടമയെ വിവരമറിയിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പറയുന്നു. വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനാണ് ജസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. അതേസമയം ചെറുപ്പക്കാരനെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം ലോഡ്ജിലെ താമസക്കാരിയായിരുന്ന സ്ത്രീയുടെ വാക്കുകളിങ്ങനെ.. ആദ്യമായിട്ടാ ആ കൊച്ചിനെ അന്നവിടെ കണ്ടത്. അപ്പോള്‍ തന്നെ ലോഡ്ജുടമയോട് ഈ കൊച്ചെന്നാ അവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു. അതിന് പുള്ളി എന്നോട് വഴക്കുണ്ടാക്കി. 'ലോഡ്ജാണ് പലരും വരും, പോകും.. നിനക്ക് ഇതിന്‍റെയകത്തൊന്നും ഇടപെടേണ്ട കാര്യമില്ല. ഇവിടെ നടക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ടൗണില്‍ പറഞ്ഞാല്‍ നിന്നെ തീര്‍ത്തുകളഞ്ഞാലും ചൊവ്വിനൊള്ള ആരും ചോദിക്കാനില്ല' എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. 

'വെളുത്ത് മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് ജസ്നയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ടെസ്റ്റെഴുതാന്‍ എറണാകുളത്ത് പോവുകയാണെന്നാണ് പറഞ്ഞത്. മൂന്നാല് മണിക്കൂര്‍ ലോഡ്ജില്‍ ഉണ്ടായിരുന്നു. പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലാണ് ആ കുട്ടിയെ ഞാന്‍ കണ്ടത്. തിരിച്ച് അഞ്ചുമണിക്ക് മുന്‍പ് ഇറങ്ങിപ്പോവുകയും ചെയ്തു. ജസ്നയെ കാണുമ്പോള്‍ ഫോണില്‍ നോക്കി നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ചിരിച്ചു. അന്നേരമാണ് പല്ലേലെ കെട്ടുകമ്പി കണ്ടത്.' ഒരു കൊച്ച് പെണ്ണല്ലേ വന്ന് നില്‍ക്കുന്നതെന്ന് കണ്ട് ശ്രദ്ധിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Jesna Maria Missing Case: Lodge owner denies allegations that jesna visted lodge two months before incident.