palaruvi

പാലരുവി എക്സ്പ്രസ്സിലെ ദുരിത യാത്രയെ കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ രണ്ടുദിവസമായി നമ്മൾ കാണുന്നതാണ്. നിലവിലെ യാത്രാക്ലേശത്തിനു പരിഹാരമായി പാലരുവിക്കും വേണാടിനുമിടയിൽ പുതിയ മെമു സർവീസ് തുടങ്ങണമെന്ന ആവശ്യമാണ് യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നത്. യാത്രക്കാർ റെയിൽവേക്ക് പ്രധാനപ്പെട്ടതാണെന്നും ട്രാക്കുകളുടെ സൗകര്യമനുസരിച്ച് പരമാവധി സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. 

 

കോട്ടയത്ത് നിന്ന് എറണാകുളം വരെയുള്ള പാലരുവി എക്സ്പ്രസിലെ യാത്രാദുരിതം തുറന്നു പറഞ്ഞ യാത്രക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. മാസങ്ങളായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരവും അവർ മുന്നോട്ടുവച്ചിരുന്നു. തിരക്ക് കണക്കിലെടുത്ത് പാലരുവിക്ക് അധിക കോച്ചുകൾ അനുവദിച്ചെങ്കിലും യാത്ര സുഗമമാവില്ലെന്ന് തന്നെയാണ് യാത്രക്കാർ ഇപ്പോഴും ആവർത്തിക്കുന്നത്.

കായംകുളം- എറണാകുളം അല്ലെങ്കിൽ കൊല്ലം-എറണാകുളം മെമു സർവീസ് വേണമെന്ന ആവശ്യം റെയിൽവേയുടെ ശ്രദ്ധയിൽപെടുത്താൻ ആണ് ശ്രമം. കഴിഞ്ഞ ആഴ്ച എറണാകുളം നോർത്തിൽ ഫ്രണ്ട്സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നതും അതിന് തന്നെ. കൊല്ലം മുതൽ എറണാകുളം വരെയുള്ള ആറ് ലോകസഭ മണ്ഡലങ്ങളിലെ യാത്രക്കാരെ ബാധിക്കുന്ന വിഷയം ആയതിനാൽ അതാത് എം പിമാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധക്കാർ പറയുന്നു.

ENGLISH SUMMARY:

Passengers are demading MEMU service between Palaruvi and Venad.