റഷ്യയിൽ ജോലിക്ക് പോയ തൃശൂർ കല്ലൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റഷ്യൻ സൈന്യത്തിന് നേരെ ഉണ്ടായ യുക്രെയിൻ ഷെല്ലാക്രമണത്തിലായിരുന്നു അപകടം. സന്ദീപ് ഉൾപ്പെട്ട 12 അംഗ റഷ്യൻ പട്ടാള പെട്രോളിങ് സംഘം കൊല്ലപ്പെട്ടതായും വിവരം ലഭിച്ചു
ചാലക്കുടിയിലെ ഏജൻസി വഴിയാണ് കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോകുന്നത്. മോസ്കോയിൽ റസ്റ്ററന്റിൽ ജോലിയെന്നാണ് എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് റഷ്യൻ സൈനിക ക്യാംപിന്‍റെ ക്യാന്‍റി നിലാണ് ജോലിയെന്നും സുരക്ഷിതൻ ആണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് പാസ്പോർട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് അറിയിച്ചതായി കുടുംബം പറയുന്നു. അതേസമയം സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്. സൈനിക പരിശീലനത്തിൽ ആയിരുന്നതുകൊണ്ട് തന്നെ നാട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും പറയുന്നു.
കുറച്ചു ദിവസങ്ങളായി സന്ദീപിനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. 12 അംഗസംഘം കൊല്ലപ്പെട്ടതിന് പിന്നാലെ റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ സന്ദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് വീട്ടിൽ അറിയിപ്പ് ലഭിച്ചത്. പൗരത്വ പ്രശ്നമുള്ളതുകൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ട്, എംബസി ഇടപെടും എന്ന് പ്രതീക്ഷയിലാണ് ബന്ധുക്കൾ. ഇത് സംബന്ധിച്ച് കുടുംബം കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ സുരേഷ് ഗോപി ജോർജ് കുര്യൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. നോർക്ക വഴി റഷ്യയിലെ ഇന്ത്യൻ എംബസിയിലും ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു