ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട കേസില്‍ മുഖ്യപ്രതി മുന്‍മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പിടിയില്‍. 17 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയതായാണ് പരാതി. വടകര പൊലീസ് തെലങ്കാനയിലേക്ക് പുറപ്പെട്ടു. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
പ്രതിയുടെ സാമ്പത്തിക ഇടപാടുകളും സൗഹൃദങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. ബാങ്ക് ഇടപാടുകളുടെ രേഖകളും പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നതാണ് പ്രധാന സംശയം. അടുത്തയിടെ തമിഴ്നാട്ടിൽ ഹോട്ടൽ തുടങ്ങിയായും പ്രമുഖ സിനിമാ താരത്തെ ഉദ്ഘാടനത്തിന് എത്തിച്ചതായും വിവരങ്ങളുണ്ട്. മേട്ടുപ്പാളയം സ്വദേശിയാണ് ഇയാള്‍. ബാങ്കിലെ പുതിയ മാനേജരുടെ പരാതിയിലാണ് അന്വേഷണമാരംഭിച്ചത് . അതിനിടെ കഴിഞ്ഞ ദിവസം മധ പുറത്തുവിട്ട വീഡിയോയില്‍ താൻ നിരപരാധിയാണെന്നും സ്വര്‍ണം കാണാതായതില്‍ പുതിയ മാനേജർക്കാണ് പങ്കുള്ളതെന്നും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല.