വയനാട് ദുരിത ബാധിതരില്‍ എല്ലാവരും മരിച്ച കുടുംബങ്ങളുടെയും ഗൃഹനാഥന്‍ മരിച്ച കുടുംബങ്ങളുടെയും വായ്പകള്‍ എഴുതിത്തള്ളും. ഇതിനായി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന തല ബാങ്കിങ് സമിതി യോഗം തീരുമാനിച്ചു. ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മുഴുവന്‍ ദുരിത ബാധിതരുടെയും വായ്പകള്‍ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ആവശ്യം ഭാഗികമായി അംഗീകരിക്കുന്നതാണ് സംസ്ഥാന തല ബാങ്കിങ് സമിതിയുടെ തീരുമാനം. ദുരന്തം ബാധിച്ച മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് 12 ബാങ്കുകളില്‍ നിന്നായി 35.32 കോടി രൂപയുടെ വായ്പയാണ് ഉള്ളത്. 15 കോടിയോളം വായ്പ നല്‍കിയ ഗ്രാമീണ്‍ ബാങ്കാണ് ഏറ്റവും വലിയ ദാതാവ്. 3320 േപരാണ് വായ്പയെടുത്തവര്‍. ഇവരുടെ നഷ്ടങ്ങളുടെ മാപ്പിങ് വെള്ളിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. എം.എസ്.എം.ഇ, കര്‍ഷക വായ്പകള്‍ക്ക് 1 വര്‍ഷത്തെ മോറട്ടോറിയം നല്‍കാനും അഞ്ച് വര്‍ഷത്തേക്ക് തിരിച്ചടവ് കാലാവധി നീട്ടാനും യോഗം തീരുമാനിച്ചു. മറ്റ് വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കുന്നതില്‍ ബാങ്കുകളുടെ ബോര്‍ഡുകള്‍ തീരുമാനമെടുക്കും.