ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പകളുടെ ഇ.എം.ഐ പിടിച്ച ഗ്രാമീണ്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം. കല്‍പ്പറ്റയിലെ ഗ്രാമീണ്‍ ബാങ്ക് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി.
അതേസമയം, വയനാട് ദുരന്ത ബാധിതരുടെ വായ്പ ഇളവുകള്‍ തീരുമാനിക്കാന്‍ സംസാഥാന തല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗം ഇന്ന് ചേരും. തിരുവനന്തപുരം റസിഡന്‍സി ടവറില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുക്കും. ദുരന്ത ബാധിതരുടെ കടം എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് വിവരം. ദുരന്തത്തില്‍ എല്ലാവരും മരിച്ച കുടുംബങ്ങള്‍, ഗൃഹനാഥന്‍ മരിച്ച കുടുംബങ്ങള്‍ തുടങ്ങിയവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നതാണ് ബാങ്കേഴ്സ് സമിതിയുടെ നിലപാട്.
ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അതാത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളാണ്. ദുരന്ത ബാധിതരുടെ കട ബാധ്യതകള്‍ക്ക് അനുവദിക്കുന്ന മോറട്ടോറിയത്തിന്‍റെ കാലപരിധിയും, ഘടനയും യോഗം തീരുമാനിക്കും. മോറട്ടോറിയം കാലവധി തുടങ്ങിയ ശേഷം ദുരന്ത ബാധിതരില്‍ നിന്ന് പിടിച്ച ഇ.എം.ഐ തിരിച്ചു നല്‍കാനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടാകും.