വനിത റസിഡന്‍റ് ഡോക്ടറുടെ പീഡന കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടർമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയുറപ്പാക്കാന്‍ കര്‍മ സമിതി രൂപീകരിച്ച് സുപ്രീം കോടതി. ആശുപത്രിയിലെ സുരക്ഷയ്ക്കും ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷേമത്തിനും വിശദമായ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. നടപടിക്കായി വീണ്ടുമൊരു ബലാല്‍സംഗം നടക്കാന്‍ കാത്തിരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
കൊൽക്കത്തയിലെ ദാരുണമായ കൊലപാതകത്തിന്‍റെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാരുടെ സുരക്ഷാപ്രശ്നമെന്ന് ആശങ്ക പ്രകടിപ്പിച്ചാണ് സുപ്രീം കോടതി സ്വമേധയാ ഹര്‍ജി പരിഗണിച്ചത്. രാജ്യത്തെ ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് ജൂനിയര്‍, വനിതാ ഡോക്ടര്‍മാര്‍ അതിക്രമം നേരിടുന്നു, വേരൂന്നിയ പുരുഷാധിപത്യവും കാരണമാണ്, നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച കോടതി ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന സുരക്ഷ, ക്ഷേമ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കര്‍മ സമിതി രൂപീകരിച്ചത്. അത്യാഹിത വിഭാഗത്തില്‍ അധിക സുരക്ഷ, ആയുധങ്ങൾ തടയാൻ ബാഗേജ് സ്ക്രീനിംഗ്, സിസിടിവി ക്യാമറകള്‍, ലിംഗഭേദമില്ലാതെ വിശ്രമയിടങ്ങള്‍, രാത്രി ഗതാഗത സൗകര്യം തുടങ്ങി 13 പരിഗണന വിഷയങ്ങളും കോടതി നിര്‍ദേശിച്ചു. ഇവ എങ്ങനെ നടപ്പാക്കണമെന്നതില്‍ കര്‍മ സമിതി മൂന്നാഴ്ചക്കകം ഇടക്കാല റിപ്പോര്‍ട്ടും രണ്ടുമാസത്തിനകം അന്തിമ റിപ്പോര്‍ട്ടും നല്‍കണം. നാവിക സേന ആരോഗ്യവിഭാഗം ഡയറക്ടർ ജനറലും വിവിധ എംയിസുകളിലെ ഡയര്‍ക്ടര്‍മാരും ക്യാബിനറ്റ്, ആഭ്യന്തര, ആരോഗ്യ മന്ത്രാലയം സെക്രട്ടറിമാരുമടങ്ങുന്നതാണ് സമിതി.
ബലാല്‍സംഘ കൊലപാതകത്തില്‍ കേസെടുക്കാന്‍ വൈകിയ പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും ആശുപത്രിയിലെ ആള്‍ക്കൂട്ട ആക്രമണം തടയാനാകത്ത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും പൊലീസിനെയും സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ അധികാരം പ്രയോഗിക്കരുതെന്നും മുന്നറിയിപ്പ്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച പ്രിൻസിപ്പലിന് പുനര്‍നിയമനം നല്‍കിയോയെന്നും കോടതിയുടെ ചോദ്യം. സുരക്ഷയുറപ്പാക്കാന്‍ തങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ പ്രതിഷേധമവസാനിപ്പിച്ച് സേവനം പുനരാരംഭിക്കണമെന്നും ചീഫ് ജസ്റ്റിസ് അഭ്യര്‍ഥിച്ചു. ക്രമസമാധാന പ്രശ്നമെന്ന് കേന്ദ്രം കുറ്റപ്പെടുത്തിയപ്പോള്‍ വിഷയം രാഷ്ട്രീയ വത്കതരിക്കരുതെന്നായിരുന്നു ബംഗാളിനായി ഹാജരായ കബില്‍ സിബലിന്‍റെ മറുപടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.