തിരുവനന്തപുരം കഴക്കൂട്ടത്ത് പതിമൂന്ന് വയസ്സുകാരിയെ കാണാതായിട്ട്  21 മണിക്കൂര്‍ പിന്നിടുന്നു. കന്യാകുമാരിയിലേക്കുള്ള ട്രെയിനിലിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം . 

വനിത പൊലീസ് അടക്കം കേരള പൊലീസ് സംഘം കന്യാകുമാരിയിലെത്തി. നാഗര്‍കോവിലിലും കന്യാകുമാരിക്കിടയിലുള്ള മറ്റ് സ്റ്റേഷനുകളിലും പൊലീസ് സംഘം ഉടനെത്തും. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ. കയ്യിലുണ്ടായിരുന്നത് 50രൂപയും. ബെംഗളൂരു–കന്യാകുമാരി ട്രെയിന്‍ കയറിയത് ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരില്‍നിന്നാണ്. ഇന്നലെ വൈകിട്ട് 3.30ഓടെ പെണ്‍കുട്ടി കന്യാകുമാരിയിലെത്താനാണ് സാധ്യത. വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പര്‍:  9497960113

താന്‍ നെയ്യാറ്റിന്‍കര ഇറങ്ങിയപ്പോഴും പെണ്‍കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നെന്നു ഫോട്ടോ എടുത്ത ബബിത മനോരമ ന്യൂസിനോടു പറഞ്ഞു. പാറശാല വരെ പെണ്‍കുട്ടി ഇറങ്ങിയില്ലെന്ന് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കന്യാകുമാരി വരെ പിന്നെയും ട്രെയിനിന് മൂന്ന് സ്റ്റോപ്പുകള്‍ ഉണ്ട്. ഒറ്റയ്ക്കായിരുന്നു എന്ന് കരുതുന്നു. ട്രെയിനില്‍ തിരക്കില്ലായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ 40രൂപയും ടിക്കറ്റും ബാഗും ഉണ്ടായിരുന്നു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെണ്‍കുട്ടി കരയുന്നുണ്ടായിരുന്നു. നേമത്തിനും ബാലരാമപുരത്തിനും ഇടയില്‍വച്ചാണ് താന്‍ ചിത്രമെടുത്തത്. 

അതേസമയം, കാണാതാകുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ വഴക്കുപറഞ്ഞത് ഇളയകുട്ടികളുമായി വഴക്കിട്ടതിനാണ്. 50രൂപയടങ്ങിയ പേഴ്സ് വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. അത് പെണ്‍കുട്ടി കൊണ്ടുപോയെന്ന് കരുതുന്നു. പെണ്‍കുട്ടിയെ കൂടാതെ മൂന്ന് മക്കളുണ്ട്. മൂത്ത മകന്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു.

സഹോദരന്‍റെ അടുത്തേക്ക് പോയതല്ല; സഹോദരന്‍ വിളിക്കുന്നതും മറ്റും വളരെ കുറവാണെന്നും ഇവര്‍ പറഞ്ഞു. 

കുട്ടി മുന്‍പ് കന്യാകുമാരിയില്‍ പോയിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ആദ്യം ട്രെയിന്‍ യാത്ര ചെയ്തത് തിരുവനന്തപുരത്തേക്ക് വന്നപ്പോളെന്നും പിതാവ് പ്രതികരിച്ചു. 

ENGLISH SUMMARY:

Missing 13-year-old Assamese girl spotted on train to Kanyakumari, TN police notified