കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ അസാം സ്വദേശിനിയായ 13 വയസുകാരി തസ്മിദ് തംസും കന്യാകുമാരിയിലുണ്ടെന്ന പ്രതീക്ഷ മങ്ങുന്നു. റെയില്‍വെ സ്റ്റേഷനിലെ സിസിടിവിയില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളില്ല. പാറശാലയ്ക്ക് ശേഷം കുട്ടി എവിടേയ്ക്ക് പോയിയെന്നതില്‍ വ്യക്തതയില്ല. കന്യാകുമാരിയിലെ പരിശോധന പൂര്‍ത്തിയായി. കുഴിത്തുറ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്താനായില്ല. എരണിയല്‍ സ്റ്റേഷനില്‍ പരിശോധന നടത്തി
27 മണിക്കൂര്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി എവിടെയെന്നതിന് ഉത്തരമില്ല. കുട്ടിയ കാണാതായ സമയത്തെപ്പറ്റി മാതാപിതാക്കള്‍ നല്‍കിയ ആശയകുഴപ്പത്തില്‍ വ്യക്തത വന്നത് രാത്രി വൈകി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെ മാത്രമാണ്. യാത്രക്കാരിയായ ബബിത പകര്‍ത്തിയ ഏകചിത്രം കന്യാകുമാരി ദിശയിലേക്ക് കുട്ടി പോയതായി സൂചന നല്‍കിയെങ്കിലും നിരാശയാണ് ഫലം. . സിസിടിവി ക്യാമറകള്‍ ഏറെയുള്ള തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടിയുടെ യാത്രയുടെ ദിശ കണ്ടെത്താന്‍ കഴിയാതിരുന്നത് പൊലീസിന്‍റെ വീഴ്ചയായി.
മകളെ കാണാനില്ലെന്ന് കാണിച്ച് വൈകിട്ട് 4 മണിക്കാണ് മാതാപിതാക്കള്‍ കഴംക്കൂട്ടം പൊലീസില്‍ പരാതി നല്‍കുന്നത് . അതിന് മുന്‍പേ രണ്ടരയോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. രാവിലെ മക്കള്‍ തമ്മില്‍ വഴക്കുണ്ടായപ്പോള്‍ മകള്‍ക്ക് അടി കൊടുത്തിട്ട് ജോലിക്കു പോയെന്നും ഒരു മണിയോടെ മകള്‍ വീടു വിട്ടിറങ്ങി എന്നുമായിരുന്നു പരാതി . ഇതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ഒരു മണിമുതലുള്ള ദൃശ്യങ്ങളും അതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് പോയ ട്രെയിനുകളുമാണ് പരിശോധിച്ചത്.
എന്നാല്‍ രാത്രിയോടെ കുട്ടിയുടെ ആദ്യ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കേസില്‍ ആദ്യ വ്യക്തത വരുത്തിയത് . വീട്ടില്‍ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന സമയത്ത് സമീപത്തെ സ്കൂട്ടര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും കിട്ടിയ സിസിടിവിയില്‍ രാവിലെ 9. 37ന് കുട്ടി നടന്നുപോകുന്നത് കാണാം. ഇതോടെ ഒന്‍പതരക്ക് കുട്ടി വീട് വിട്ടു എന്ന് സ്ഥിരീകരിച്ചു .
കഴക്കൂട്ടത്തിന് ശേഷമുള്ള സിസിടിവിയില്‍ കുട്ടിയുടെ ദൃശ്യം പതിയാത്തതിനാല്‍ ബസില്‍ കയറി പോയി എന്നും ഉറപ്പിച്ചു. ഇതിനിടെയാണ് നാലു മണിക്ക് തമ്പാനൂര്‍ സെന്‍ട്രല്‍ റയില്‍വേ സ്റ്റേനില്‍ നിന്ന് അസമിലേക്ക് പോയ ട്രെയിനില്‍ കുട്ടിയുണ്ടെന്ന അഭ്യൂഹം പരക്കുന്നത്. രാത്രി 12 മണിക്ക് പാലക്കാട് എത്തിയ ട്രെയിന്‍ അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്ന ഫലം. നിര്‍ണായക വഴിത്തിരിവുണ്ടാകുന്ന പുലര്‍ച്ചെയോടെ . 13 കാരിയെ കന്യാകുമാരി എക്സ്പ്ലസില്‍ ഇന്നലെ ഉച്ചക്ക് കണ്ടിരുന്നുവെന്ന് പറഞ്ഞ് നെയ്യാറ്റിന്‍കര സ്വദേശിനി ബബിത പുലര്‍ച്ച 4 മണിക്ക് കഴക്കൂട്ടം പൊലീസിനെ വിളിക്കുന്നു. ട്രെയിനിലിരുന്നു കരയുകയായിരുന്ന തസ്മിദിന്‍റെ ഈ ചിത്രം ബബിത പകര്‍ത്തിയത് മാത്രമാണ് ഇപ്പോള്‍ അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നത്. നേമത്തിനും ബാലരാമപുരത്തിനും ഇടക്ക് വെച്ചാണ് ചിത്രം പകര്‍ത്തിയതെങ്കിലും പാറശാല കഴിഞ്ഞും 13 കാരി ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് ഉറപ്പിച്ചതോടെ അന്വേഷണം കന്യാകുമാരിയിലേക്ക്
കുട്ടിയുടെസഹോദരന്‍ ചെന്നൈയില്‍ ആണെന്ന് ആദ്യം പ്രചരിച്ചെങ്കിലും താന്‍ ബെംഗലൂരുവിലാണെന്നും സഹോദരി വിളിച്ചിട്ടില്ലെന്നും പറഞ്ഞതോടെ പിന്നെയും ആശയകുഴപ്പം. കുട്ടി വീട് വിട്ടിറങ്ങിയ സമയത്തെപ്പറ്റി കൃത്യമായ വിവരം മാതാപിതാക്കള്‍ക്ക് അറിയാതിരുന്നതും പകല്‍ സമയങ്ങളില്‍ പൊലീസിന് സിസിടിവി കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണത്തില്‍ തിരിച്ചടിയായി. മുക്കിനും മൂലയിലും സിസിവിയുള്ള തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കന്യാകുമാരി എക്സ്പ്രസിലാണ് കുട്ടി കയറിയത് എന്ന് പൊലീസ് അറിയുന്നത് തന്നെ യാത്രക്കാരിയായ ബബിത ഫോട്ടോ കൈമാറുമ്പോഴാണ്. നിര്‍ണായകമായ മണിക്കൂറുകള്‍ കടന്നുപോകുമ്പോള്‍ കുട്ടിയുടെ കൈയില്‍ ഫോണ്‍ ഇല്ലാത്തതും അന്വേഷണത്തെ പ്രതിസന്ധിലാക്കുന്നു. തസ്മിദ് തംസും എവിടെ എന്നതിന് വൈകാതെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കാം