തിരുവനന്തപുരത്തു നിന്നും കാണാതായ തസ്ലീമിനായി തിരച്ചില്‍ ഊര്‍ജിതം. കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയിറങ്ങിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കണ്ടെത്താനായില്ല. കുട്ടി കന്യാകുമാരിയില്‍ ഇറങ്ങാനുള്ള സാധ്യതകള്‍ കേരള പൊലീസ് തള്ളാതിരിക്കുമ്പോള്‍ ഇന്നലെ കുട്ടി സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്.
ബാംഗ്ലൂരില്‍ നിന്നുള്ള ഐലന്‍റ് എക്സ്പ്രസ് ഉച്ചകഴിഞ്ഞ് 2.20നാണ് കന്യാകുമാരില്‍ എത്തേണ്ടത്. ഇന്നലെ ട്രെയിന്‍ എത്തിയതാകട്ടെ 3.30നും. ഈ ട്രെയിനില്‍ കുട്ടിയിണ്ടായിരുന്നെങ്കില്‍ ഇന്നലെ വൈകിട്ടോടെ കന്യാകുമാരിയില്‍ ഇറങ്ങിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ട്രെയിന്‍ എത്തിയത് മുതലുള്ള സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് കഴക്കൂട്ടം എസ്ഐ പറഞ്ഞു. റയില്‍വേ സ്റ്റേഷനില്‍ അകത്തും പുറത്തും സിസിടിവി ക്യാമറകളുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ ബംഗളുരുവില്‍ കന്യാകുമാരിയിലേക്ക് വരുന്ന ട്രെയിനില്‍ തിരുവനന്തപുരത്തു നിന്ന് പെണ്‍കുട്ടി കയറിയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ളവിവരം. നാലുമണിയോടെ കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയിറങ്ങി ബീച്ച് ഭാഗത്തേക്ക് പോയെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിന് നല്‍കിയ വിവരം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം 750 മീറ്റര്‍ ദൂരം മാത്രമാണ് ബീച്ചിലേക്കുള്ളത്.
ട്രെയിനില്‍ ഇരുന്ന് കരയുന്നത് കണ്ടതില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ബബിത എന്ന വിദ്യാര്‍ഥിനി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തസ്ലീമിന് അസമീസ് ഭാഷ സംസാരിക്കാനേ അറിയൂ. ഇതേ തുടര്‍ന്ന് ബബിത ഫോട്ടോയെടുക്കുകയും ഇത് പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു. നെയ്യാറ്റിന്‍കര ഇറങ്ങിയപ്പോഴും പെണ്‍കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നെന്നാണ് ബബിത പറയുന്നത്. പാറശാല വരെ പെണ്‍കുട്ടി ഇറങ്ങിയില്ലെന്ന് ബബിതയുടെ സുഹൃത്തുക്കള്‍ പറയുന്നു. കന്യാകുമാരി റെയില്‍വെ പൊലീസിന്‍റെയും സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്. കുട്ടി ഇവിടെ എത്തിയിട്ടുണ്ടെങ്കില്‍ കുട്ടിയുമായി തന്നെ മടങ്ങുമെന്ന് കഴക്കൂട്ടം എസ്.ഐ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.