girl-alone-kerala-police

കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കേരളം. പെണ്‍കുട്ടിയെ തിരഞ്ഞ് കേരള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. നിലവില്‍ പൊലീസ് സംഘം കളിയാക്കാവിള പിന്നിട്ടു. തസ്മിത് തംസുമിയെന്ന പെണ്‍കുട്ടി നെയ്യാറ്റിന്‍കരയില്‍ താന്‍ ഇറങ്ങിയപ്പോഴും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് ചിത്രം പകര്‍ത്തിയ ബബിതയുടെ മൊഴി.

അസ്വാഭാവികമായി ട്രെയിനില്‍ ഇരുന്ന് കരയുന്നത് കണ്ടതോടെയാണ് ബബിത ചിത്രങ്ങളെടുത്തതും വിവരം അന്വേഷിച്ചതും. ബബിതയുടെ സുഹൃത്തുക്കള്‍ പാറശാലയില്‍ ഇറങ്ങുമ്പോഴും പെണ്‍കുട്ടി ട്രെയിനില്‍ തന്നെ ഉണ്ടായിരുന്നു. കന്യാകുമാരി വരെ ട്രെയിന് പിന്നീട് മൂന്ന് സ്റ്റോപുകളാണ് ഉള്ളത്. ഇത് കണക്കിലെടുത്ത് നാഗര്‍കോവിലിലേക്കും പൊലീസ് സംഘം തിരിച്ചിട്ടുണ്ട്. കന്യാകുമാരി പൊലീസിനും ആര്‍പിഎഫിനും വിവരം കൈമാറി. തമിഴ്നാട് പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കി.

പെണ്‍കുട്ടിയെ കഴക്കൂട്ടത്ത് നിന്നും കാണാതെയായിട്ട് 20 മണിക്കൂറുകള്‍ പിന്നിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാലുമണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ചിത്രം പകര്‍ത്തിയതിന് പിന്നാലെ ബബിത പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും കുട്ടിക്ക് അസമീസ് മാത്രമേ വശമുള്ളൂ എന്നതിനാല്‍ സാധിച്ചില്ല. 

 
ENGLISH SUMMARY:

The girl was alone, reveals Babitha who clicked her picture. Tamilnadu police has also started search