സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചു. തുടര്‍ന്ന് കഴുത്തില്‍ തലോടിയെന്നും നടി. ലൈംഗികമായി ഉപദ്രവിച്ചില്ല, എന്നാല്‍ അതിലേക്കുള്ള സൂചനകളായിരുന്നു എല്ലാം. ഉടന്‍ തന്നെ താന്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയെന്നും ശ്രീലേഖ പറയുന്നു.
ശ്രീലേഖയുടെ വാക്കുകളിലേക്ക്...
‘2009ല്‍ ഒരു സിനിമയ്ക്കുവേണ്ടിയാണ് അസോസിയേറ്റ് ഡയറക്ടറുടെ അസിസ്റ്റന്‍റ് എന്നെ സമീപിക്കുന്നത്. സംവിധായകനെ കാണാനായി കൊച്ചിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. ഫോട്ടോഷൂട്ട് അടക്കം അവിടെ സംഘടിപ്പിച്ചിരുന്നു. പാരിസുള്‍പ്പെടെ വിദേശത്ത് ഷൂട്ട് ചെയ്യുന്ന ചിത്രമാണെന്നാണ് പറഞ്ഞത്. അതിനാല്‍ പാസ്പോര്‍ട്ടും കയ്യിലെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കൊച്ചിയിലെത്തി സംവിധായകനെ കണ്ടു. നല്ല രീതിയിലായിരുന്നു സംസാരവും പെരുമാറ്റവും. വീണ്ടും എന്നോട് വൈകിട്ട് വരാന്‍ ആവശ്യപ്പെട്ടു. അതിനായി കാര്‍ അയക്കുകയും ചെയ്തു. ക്രൂവിനെ മീറ്റ് ചെയ്യാനാണ് എന്നാണ് പറഞ്ഞത്.
വൈകിട്ട് ഫ്ലാറ്റില്‍ എത്തിയപ്പോള്‍ വളരെ ഇന്‍ഫോര്‍മല്‍ അന്തരീക്ഷമായിരുന്നു. കുറച്ചുപേര്‍ മാറിയിരുന്നു മദ്യപിക്കുന്നുണ്ടായിരുന്നു. ആരെല്ലാമാണ് എന്ന് ഓര്‍ക്കാനാകുന്നില്ല. സംവിധായകന്‍ ഈ സമയം എന്‍റെ കൂടെ വര്‍ക്ക് ചെയ്ത ഒരു മലയാളി സിനിമാട്ടോഗ്രാഫറുമായി മൊബൈലില്‍ സംസാരിക്കുകയായിരുന്നു. എന്നോട് സംസാരിക്കണോ എന്ന് ചോദിച്ചു. അങ്ങനെയാണ് അകത്തേക്ക് വിളിക്കുന്നത്. പുറത്ത് നിറയെ ആളുകള്‍ ഉണ്ടായതുകൊണ്ട് സംസാരിക്കുന്നതിന് ബുദ്ധിമുട്ടാകേണ്ട എന്നുവിചാരിച്ചായിരിക്കും എന്നാണ് ഞാന്‍ കരുതിയത്.
ഇരുട്ടുനിറഞ്ഞ ബെഡ്റൂമിലേക്കാണ് വിളിച്ചത്. റൂമിന് ഒരു ബാല്‍ക്കണിയും ഉണ്ടായിരുന്നു. ബാല്‍ക്കണിയില്‍ വച്ച് ഞാന്‍ മൊബൈലില്‍ സംസാരിക്കവേ എന്‍റെ കൈയ്യില്‍ കിടന്ന വളകളില്‍ തൊടുന്ന ഭാവത്തില്‍ എന്‍റെ കയ്യില്‍ സ്പര്‍ശിച്ചു. എനിക്ക് വിചിത്രമായി തോന്നി. ഞാന്‍ ഒട്ടും കംഫര്‍ട്ടബിളല്ലായിരുന്നു. ഞാന്‍ ഓവര്‍ തിങ്ക് ചെയ്യുന്നതുകൊണ്ടായിരിക്കാം എന്നു കരുതി. ഞാന്‍ പ്രതികരിക്കാത്തതിനാലാവണം അയാള്‍ എന്‍റെ കഴുത്തില്‍ തഴുകി. ഞാന്‍ ഉടന്‍ മുറിക്കു പുറത്തേക്കിറങ്ങി. അസോഷ്യേറ്റ് ഡയറക്ടറുടെ അസിസ്റ്റന്‍റിനെ വിളിച്ചു. ഈ സിനിമ ചെയ്യില്ല എന്നും പറഞ്ഞു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ സംവിധായകനോട് തന്നെ ചോദിക്കൂ എന്നാണ് ഞാന്‍ അയാളോട് പറഞ്ഞത്.’
ശ്രീലേഖയുടെ ആരോപണങ്ങള്‍ രഞ്ജിത്ത് നിഷേധിക്കുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ...
‘ഞാന്‍ ആ കഥാപാത്രത്തിന് അനുയോജ്യയല്ലെങ്കില്‍ അങ്ങനെ പോട്ടെ എന്ന് വിചാരിക്കാമായിരുന്നു. എന്തിനാണ് എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചത്? എന്‍റെ ഫോട്ടോ കണ്ടിട്ടുതന്നെയാണല്ലോ എന്നെ സിനിമയ്ക്കായി വിളിച്ചത്. ഞാനല്ല അവസരത്തിന് വേണ്ടി അങ്ങോട്ട് ചെന്നത് അവരാണ് ഇങ്ങോട്ട് വന്നത്. മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് അതുവരെ ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു. അത്തരത്തിലുള്ള ഞാന്‍ എന്തിനാണ് ഒരുവ്യാജ ആരോപണം ഉന്നയിക്കുന്നത്.
അയാള്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല, എന്നാല്‍ അതിലേക്കുള്ള സൂചനകളായിരുന്നു എല്ലാം. ഉദ്ദേശം മനസിലാക്കാന്‍ അതുമതി. അന്നെനിക്ക് തുറന്നു പറയാന്‍ സാധിച്ചില്ല. മലയാളം ഇന്‍ഡസ്ട്രിയില്‍ ആരെയും അറിയില്ലായിരുന്നു. ഇപ്പോഴും ചോദ്യവുമായി ഒരാള്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ക്ക് എങ്ങനെ എന്‍റെ നമ്പര്‍ ലഭിച്ചു എന്ന് അറിയില്ല. ഇതില്‍ കേസെടുത്താലും ഇതിനെ കുറിച്ച് ഞാന്‍ അടുത്ത ചിലരോട് പറഞ്ഞിട്ടുണ്ടെന്നതല്ലാതെ എന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ല. ചിത്രത്തിന്‍റെ പേരും എനിക്ക് ഓര്‍മയില്ല. ബംഗാളിലിരുന്ന് നിയമനടപടികളിലേക്ക് നീങ്ങുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’ ശ്രീലേഖ പറഞ്ഞു നിര്‍ത്തുന്നു.