എക്സാലോജിക്കുമായുള്ള ദുരൂഹയിടപാടിൽ സിഎംആർഎല്ലിനെതിരെ SFIO അന്വേഷണം തുടരമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അറസ്റ്റടക്കമുള്ള നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കി. ഡയറക്ടർമാരടക്കമുള്ള എട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് സിഎംആർഎല്‍ അറസ്റ്റിനെതിരെ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും CMRLും തമ്മിലുള്ള ദുരൂഹയിടപാടില്‍ അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസം മാത്രം ശേഷിക്കേയാണ് SFIO സിഎംആർഎലിലെ പ്രധാന ഉദ്യോഗസ്ഥരെതന്നെ ചോദ്യം ചെയ്യാനൊരുങ്ങിയത്. മൂന്ന് ഡയറക്ടർമാർക്കും കമ്പനി സെക്രട്ടറി പി. സുരേഷ്കുമാർ, കാഷ്യർ കെ.എം വാസുദേവൻ, ഐടി വിഭാഗം തലവൻ എൻ.സി ചന്ദ്രശേഖർ എന്നിവർക്കും സമൻസയച്ചു. എട്ടുപേരോടും ഈമാസം 28,29 തീയതികളിൽ ചെന്നൈ ഓഫീസില്‍ രേഖകളുമായി ഹാജരാകാനാണ് നിര്‍ദേശം. സമന്‍സ് ലഭിച്ചതിനുപിന്നാലെ അറസ്ററൊഴിവാക്കാന്‍ CMRL ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അറസ്റ്റു തടഞ്ഞ കോടതി എന്നാല്‍ SFIO അന്വേഷണം തുടരാമെന്നും വ്യക്തമാക്കി. അന്വേഷണത്തിനെതിരെ CMRL നേരത്തെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അന്തിമ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ SFIOയെ അനുവദിക്കരുതെന്ന് CMRL ആവശ്യപ്പെട്ടു. SFIOയോട് മറുപടി തേടിയ കോടതി ഹര്‍ജി ഈമാസം 30ന് വീണ്ടും പരിഗണിക്കും.
ദുരൂഹയിടപാടുകൾ അന്വേഷിക്കാൻ ജനുവരി 31നാണ് കേന്ദ്രസർക്കാർ SFIO അന്വേഷണത്തിന് ഉത്തരവിട്ടത്. ആറംഗ അന്വേഷണ സംഘതോട് എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിർദേശം.