ranjith-pinarayi

വിവാദങ്ങളെ മറികടക്കാൻ രഞ്ജിത്തിന് എന്നും കരുത്തായത് മുഖ്യമന്ത്രിയുടെ പിന്തുണയും സർക്കാരിന്റെ കരുതലുമാണ്. ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങൾ ഒറ്റക്കെട്ടായി തിരിഞ്ഞപ്പോഴും രഞ്ജിത്തിന് സർക്കാർ പൂർണപിന്തുണ നൽകി കസേരയിൽ ഉറപ്പിച്ചിരുത്തി. 

 

സ്വന്തം സിനിമയിൽ പ്രധാനകഥാപാത്രങ്ങൾക്ക് എഴുതിചാർത്തിയ മാടമ്പിത്തരം ജീവിതത്തിൽ പകർത്തുന്നുവെന്ന് സഹപ്രവർത്തകർ ഉൾപ്പെടെ ആരോപിച്ചിട്ടും രഞ്ജിത്തിനെ ഇക്കാലമത്രയും സർക്കാർ സംരക്ഷിച്ചത് ഉള്ളം കൈയ്യിൽ വച്ചാണ്. അക്കാദമി തലപ്പത്ത് വന്നതിന് പിന്നാലെ നടന്ന ചലച്ചിത്രമേളയുടെ മോശം നടത്തിപ്പിന് ആസ്വാധകർ കൂവിയപ്പോൾ രഞ്ജിത്ത് ഭീഷണിസ്വരത്തിൽ വെളിപ്പെടുത്തി തന്റെ രാഷ്ട്രീയം. 

കഴിഞ്ഞചലച്ചിത്രമേളയ്ക്കിടെ സംവിധായകൻ ബിജുവിന്‍റെ സിനിമയ്ക്ക് തീയറ്ററിൽ ആളില്ലെന്നും നടൻ ഭീമൻ രഘു മണ്ടനാണെന്നുമുള്ള രഞ്ജിത്തിന്റെ പരാമർശങ്ങൾ വിവാദമായി. ചലച്ചിത്ര വികസന കോർപ്പറേഷനിൽ നിന്ന് നിന്ന് ബിജു രാജിവച്ചു. അക്കാദമിയിലെ ജനറൽ കൌൺസിൽ അംഗങ്ങൾ എല്ലാം രഞ്ജിത്തിനെതിരെ തിരിഞ്ഞ് സമാന്തരയോഗം ചേർന്ന് സർക്കാരിനോട് പരാതിപ്പെട്ടു. എന്നിട്ടും രഞ്ജിത്തിനെ സർക്കാർ ചെറുവിരൽ അനക്കിയില്ല. സർക്കാരിൽ രഞ്ജിത്തിന്‍റെ പിടി അങ്ങ് മുകളിലാണ്. മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ് രഞ്ജിത്തിന്‍റെ കരുത്ത്. ഒന്നാം പിണറായി സർക്കാരിന്‍റെ ആദ്യവർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് രഞ്ജിത്തായിരുന്നു. കോഴിക്കോട്ട് നിന്ന് നിയമസഭയിലേക്ക് സ്ഥാനാർഥിയാക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ആലോചിച്ച രഞ്ജിത്ത് ഒടുവിൽ വീണെങ്കിലും സംരക്ഷണകവചം പാർട്ടി തുടരുമെന്ന് തന്നെയാണ് സൂചന.

ENGLISH SUMMARY:

Ranjith's strength to overcome controversies is the support of the Chief Minister and the care of the government.