ranjith-04

ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ ര‍ഞ്ജിത്തിനെതിരെ കേസെടുത്തു . സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354 വകുപ്പ് ചുമത്തിയാണ് കേസ്. ലൈംഗിക പീഡന ഉദ്ദേശത്തോടെ മര്‍ദിച്ചെന്ന 354(ബി) ചുമത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. നിര്‍ഭയ കേസിനെത്തുടര്‍ന്നാണ് ഐപിസി 354(ബി) നിലവില്‍വന്നത്. എഫ്.ഐ.ആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും

 

കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് ഇ–മെയിലില്‍ നടി പരാതി അയച്ചതിനു പിന്നാലെയാണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചെന്നും കടവന്ത്രയിലെ ഫ്ലാറ്റില്‍വച്ച് മോശമായി പെരുമാറിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. അതിക്രമം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ ജോഷി ജോസഫിനെ വിവരം അറിയിച്ചിരുന്നെന്നും പറയുന്നു. പരാതിയില്‍ സര്‍ക്കാരിന് പരോക്ഷവിമര്‍ശനം. രേഖാമൂലം പരാതി നല്‍കണമെന്ന് ചില പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും നടി പറഞ്ഞു. 

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. 

പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും നടി വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നടി പറ‍ഞ്ഞിരുന്നു.

ENGLISH SUMMARY:

police register case against Director Ranjith