സംസ്ഥാന ചലച്ചിത്രനയം രൂപീകരിക്കാനുള്ള സമിതിയില്‍ ആരോപണ വിധേയനായ എം.മുകേഷ് എം.എല്‍.എ ഉള്‍പ്പെട്ടതില്‍ വ്യാപക എതിര്‍പ്പ്. സ്ത്രീകള്‍ക്ക് നേരെയുള്ള  ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ മലയാള സിനിമാമേഖല ആടിയുലയുന്ന പശ്ചാത്തലത്തില്‍ നയം രൂപീകരിക്കാനുള്ള സമിതിയില്‍,  മുകേഷ് ഉള്‍പ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അതേസമയം  കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തയാറെടുപ്പുമായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്നോട്ട്.

ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനും പ്രമുഖ സംവിധായകനുമായ ഷാജി എന്‍.കരുണ്‍ അധ്യക്ഷനായ സിനമാനയ രൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ എം.മുകേഷ് എം.എല്‍.എ ഉള്‍പ്പെട്ടതാണ് വിമര്‍ശനത്തിനിടയാക്കിയത്. മുകേഷിന് പുറമെ സാസ്കാരിക വകുപ്പ് സെക്രട്ടറി, നടിമാരായ മഞ്ജുവാരിയര്‍, പത്മപ്രിയ, നിഖില വിമല്‍ സംവിധായകരായ, ബി. ഉണ്ണികൃഷ്ണന്‍, രാജീവ് രവി, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് സമിതിയില്‍. കഴിഞ്ഞവര്‍ഷം  ഓഗസ്റ്റിലാണ് സമിതി രൂപീകരിച്ചത്. എന്നാല്‍ മഞ്ജുവാരിയരും, രാജീവ് രവിയും മറ്റുതിരക്കുകള്‍ കാരണം സമിതിയില്‍ നിന്ന് ആദ്യമെതന്നെ പിന്മാറിയിരുന്നു. സിനിമാമേഖലയിലെ ഒരുഏജന്‍സിയുടെ സഹായത്തോടെ സിനിമാ നയത്തിന്റെ കരട് രൂപീകരണം.കോണ്‍ക്ലേവ് നവംബര്‍  ആദ്യവാരം അവസാനം കൊച്ചിയില്‍ സംഘടിപ്പിക്കാനായിരുന്നു ശ്രമം.  മുഖ്യമന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് അവസാന വാരത്തിലേക്ക് മാറ്റിയത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ഫെലിസിറ്റേഷന്‍  ഓഫിസര്‍ ലീന ഖോബ്രഗഡെ ഉള്‍പ്പടെ മുന്നൂറിലേപ്പേര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് ഷാജി എന്‍.കരുണ്‍ അറിയിച്ചു. ഹേമ സമിതിയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കവും നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തുമെന്ന്  അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

There is widespread opposition to the inclusion of accused MLA Mukesh in the committee to formulate the state film policy.