nabeesa-kseb-hd

വയനാട് കമ്പളക്കാടിൽ രോഗിയായ വായോധികയുടെ വീട്ടിലെ ഫ്യൂസൂരി കെ.എസ്.ഇ.ബിയുടെ നടപടി. പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്നെത്തിയ അന്യായ വൈദ്യുതി ബിൽ കുടിശ്ശികയായതിനെ തുടർന്നാണ് കെ എസ് ഇ ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. എപ്പോൾ വേണമെങ്കിലും വെള്ളം കയറുന്ന വീട്ടിൽ 10 ദിവസമായി ഇരുട്ടിലാണ് രോഗിയായ നബീസ കഴിയുന്നത്. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയതോടെ ക്യാംപിലേക്ക് മാറിയതാണ് കാപ്പുകുന്നിലെ നബീസ. വെള്ളം ഇറങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ കെ എസ് ഇ ബി നൽകിയത് 16600 രൂപയുടെ ബിൽ. പഞ്ചായത്ത് നിർമിച്ചു കൊടുത്ത മൂന്ന് സെന്റ് ഭൂമിയിലെ കൊച്ചു വീട്ടിൽ അതു വരെ 100, 150 ഒക്കെയായിരുന്നു നബീസക്കു കിട്ടിയ ബിൽ.  പെൻഷൻ തുകയിൽ ജീവിക്കുന്ന നബീസക്കു പണം അടക്കാനാകാത്തതോടെ കെ എസ് ഇ ബി ജീവനക്കാർ ഫ്യൂസൂരി, ഒന്നല്ല മൂന്നു തവണ 

 

കണ്ണ് തള്ളുന്ന ബില്ലിനെ പറ്റി കമ്പളക്കാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ വെള്ളം കയറിയതിനാൽ എർത്തിലൂടെ വൈദ്യുതി ഇറങ്ങിയതാകും എന്നായിരുന്നു വിശദീകരണം. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരട്ടി ബില്ല് വച്ചു കൊടുത്തു. പരാതിയുമായി സൂപ്രണ്ടിനെയും ജില്ലാ കലക്ടറേയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഗഡുക്കളായി പണമടക്കാനായി നിർദേശം. രണ്ടു തവണ പണമടച്ചെങ്കിലും പെൻഷൻ മുടങ്ങിയതിനാൽ ഇടക്ക് അടക്കാൻ പറ്റാതായി. ഇതോടെ ഒരു ദയയും കാണിക്കാതെ ഫ്യൂസ് ഊരി കൊണ്ടു പോയി. കഴിഞ്ഞ 16 നായിരുന്നു ഒടുവിലത്തേത് 

നേരത്തെ രണ്ടു തവണ വൈദ്യുതി ബന്ധം വിച്ചേധിച്ചെങ്കിലും നാട്ടുകാർ ഇടപ്പെട്ടതോടെയാണ് പൂർവ സ്ഥിതിയിലാക്കിയിരുന്നത്. ഇത്തവണയും സംസാരിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടയിൽ രണ്ടു മാസം കൂടുമ്പോൾ ലഭിക്കുന്ന ബില്ലുകൾ എല്ലാം തന്നെ നബീസ അടയ്ക്കുന്നുമുണ്ട്. കഴിഞ്ഞ 10 ദിവസമായി അസുഖ ബാധിതയായ നബീസ ഇരുട്ട് വീട്ടിൽ കഴിയുകയാണ്. വിഷയത്തിൽ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Action of KSEB by disconnecting the connection at the house of a sick old woman in Wayanad