സാലറി ചലഞ്ചിനുള്ള സമ്മതപത്രം അടുത്തമാസം അഞ്ചു വരെ സമര്‍പ്പിക്കാനുള്ള അവസരമൊരുക്കി സര്‍ക്കാര്‍. പരമാവധി പേരെ പങ്കാളികളാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണിത്. തിടുക്കത്തില്‍ ശമ്പള ബില്‍ കൈമാറേണ്ടെന്നും ഡി.ഡി.ഒ മാര്‍ക്ക് നിര്‍ദേശം. രണ്ടു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലേറെ പേര്‍ ഇതുവരെ സമ്മത പത്രം നല്‍കിയെന്നാണ് കണക്ക്.
ആറാം തീയതിയോടെ മാത്രമേ സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം പൂര്‍ത്തിയാകുകയുള്ളു . അഞ്ചാം തീയതിവരെ സമ്മത പത്രം നല്‍കാന്‍ അവസരമൊരുക്കണമെന്നാണ് അതാത് ഡിഡിഒ മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനായി ശമ്പളവിതരണം അല്‍പം വൈകിച്ചാലും പ്രശ്നമില്ലെന്നും അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വിവിധ വകുപ്പുകളിലായി മുപ്പതിനായിരത്തിലേറെ ഡി.ഡി.ഒ മാരുണ്ട്. നിലവില്‍ രണ്ടു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലേറെ പേര്‍ സമ്മത പത്രം നല്‍കിയിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ മാത്രമേ ഔദ്യോഗിക കണക്ക് സ്പാര്‍ക്കിലെത്തുകയുള്ളു. ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിയാറായിരത്തി ഇരുനൂറ്റി എട്ടു ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. സമ്മത പത്രത്തിനായി ഇടതുപക്ഷ യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതാതു യൂണിറ്റിലെ ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് ഇവര്‍ സമ്മത പത്രം നല്‍കണമെന്നാവശ്യപ്പെടും. അഞ്ചു ദിവസം എന്ന നിര്‍ബന്ധിത വ്യവസ്ഥ ഉള്‍പ്പെടുത്തിയോതടെയാണ് പ്രതിപക്ഷ സംഘടനകള്‍ സമ്മത പത്രം നല്‍കുന്നതില്‍ പിന്നാക്കം പോയത്. ഇവര്‍ നിശ്ചിത തുക ദുരിതാശ്വാസ നിധിയിലടയ്ക്കാനാണ് തീരുമാനം.