mohan-death

സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികില്‍സയിലായിരുന്നു. സംസ്കാരം പിന്നീട്. 'രണ്ടു പെണ്‍കുട്ടി'കളാണ് ആദ്യ സിനിമ.  'വിടപറയും മുമ്പേ', 'ശാലിനി എന്റെ കൂട്ടുകാരി', 'മുഖം',  'ഇടവേള', 'ഇസബെല്ല', 'പക്ഷേ', 'ഇളക്കങ്ങള്‍' തുടങ്ങി ഇരുപത്തഞ്ചോളം സിനിമകള്‍ ചെയ്തു. ആര്‍ട്, കൊമേഴ്സ്യല്‍ സിനിമകളുടെ അതിര്‍വരമ്പുകളെ ഇല്ലാതാക്കിയ ഇരുപതിലേറെ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തം ഇടം നേടിയ ആളായിരുന്നു മോഹന്‍. 

മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്യാത്ത സ്വവര്‍ഗാനുരാഗം പ്രമേയമാക്കി 1978ല്‍ സംവിധാനം ചെയ്ത രണ്ടുപെണ്‍കുട്ടികള്‍ എന്ന സിനിമയിലൂടെയായിരുന്നു ഇരിങ്ങാലക്കുടക്കാരന്‍ മോഹന്‍ വരവറിയിച്ചത്. അതിലെ നായികയായ അനുപമ തന്നെ പിന്നീട് മോഹന്‍റെ ജീവിതസഖിയുമായി. വേറിട്ട പ്രമേയങ്ങളുമായി ഭരതനും പത്മരാജനും അരങ്ങുവാണ മലയാള സിനിമയില്‍ അവര്‍ക്കൊപ്പം തലപ്പൊക്കത്തില്‍ നിന്നു മോഹന്‍. പ്രണയവും വിരഹവുമായിരുന്നു മോഹന്‍റെ ചിത്രങ്ങളുടെ അന്തര്‍ധാര. ജോണ്‍പോളിന്‍റെയും പത്മരാജന്‍റെയും തിരക്കഥകളില്‍ മനുഷ്യബന്ധങ്ങളുടെ ആഴവും വേദനകളും മോഹന്‍ സ്ക്രീനിലെത്തിച്ചു.

രണ്ടുപെണ്‍കുട്ടികള്‍ പോലെ പലരും പറയാന്‍ മടിച്ച പ്രമേയങ്ങള്‍ സധൈര്യം ആവിഷ്കരിച്ച് വാണിജ്യ വിജയങ്ങളും നേടി അദ്ദേഹം. ഇസബെല്ല, ഇളക്കങ്ങള്‍, ശാലിനി എന്‍റെ കൂട്ടുകാരി, പക്ഷേ, ആലോലം, ഇടവേള, മംഗളം നേരുന്നു, രചന, വിടപറയും മുമ്പേ എന്നിങ്ങനെ 23 ചിത്രങ്ങള്‍.  ശോഭയുടെ മികച്ച സിനിമകളിലൊന്നായിരുന്നു ശാലിനി എന്‍റെ കൂട്ടുകാരി.


നാട്ടുകാരനായ ഇന്നസെന്‍റിന് കരിയര്‍ ബ്രേക്ക് നല്‍കിയ ഇളക്കങ്ങള്‍, നെടുമുടി വേണുവിനെ നായകനാക്കി അവതരിപ്പിച്ച 'വിടപറയും മുമ്പേ', ഇടവേള ബേബുവിന് മാറാപ്പേരു നല്‍കിയ 'ഇടവേള'. 1999ല്‍ സംവിധാനം ചെയ്ത 'അങ്ങനെ ഒരു അവധിക്കാലത്ത്' ആണ് ശ്രദ്ധിക്കപ്പെട്ട അവസാനചിത്രം. തന്‍റെ ശൈലിക്ക് വിപരീതമായ 'മുഖം' എന്ന ത്രില്ലര്‍ സിനിമയെടുത്തും മോഹന്‍ വിസ്മയിപ്പിച്ചു. താരങ്ങള്‍ അവശ്യഘടകമായിരുന്നില്ല മോഹന്‍റെ സിനിമകളില്‍. മനോഹരമായ ഗാനങ്ങളായിരുന്നു മോഹന്‍റെ സിനിമകളുടെ മറ്റൊരു പ്രത്യേകത. ചില തമിഴ് ചിത്രങ്ങളും മോഹന്‍റേതായുണ്ട്. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം ഉള്‍പ്പടെ അഞ്ച് സിനിമകള്‍ക്ക് തിരക്കഥയുമെഴുതി

ENGLISH SUMMARY:

Malayalam director mohan passes away