വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാൻ മാർഗം കണ്ടെത്തിയിരിക്കുകയാണ് പെരിയാർ കടുവാ സങ്കേതത്തിലെ മന്നാൻകുടി നിവാസികൾ. വനാതിർത്തി കേന്ദ്രീകരിച്ച് മഞ്ഞൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ വന്യമൃഗ ശല്യം വലിയ തോതിൽ കുറഞ്ഞു. കുടിയിലെ രണ്ടേക്കറോളം സ്ഥലത്താണ് മഞ്ഞൾ കൃഷി ചെയ്യുന്നത്.
മന്നാക്കുടിക്കാരുടെ പ്രധാന ഉപജീവനമാർഗ്ഗമാണ് കൃഷി. കാട്ടുപോത്തും, ആനയും, കുരങ്ങും, കാട്ടുപന്നിയുമിറങ്ങി മേഖലയിൽ കൃഷി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിക്കാനൊരുങ്ങി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മഞ്ഞൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ വന്യമൃഗശല്യം പാടെ കുറഞ്ഞു. മഞ്ഞളിനുള്ളിലെ കുർക്കുമിൻ എന്ന പദാർത്ഥമാണ് വന്യമൃഗങ്ങൾക്ക് വിരക്‌തിയുണ്ടാക്കുന്നത്.
മലപ്പുറത്തുനിന്നും അത്യുൽപാദനശേഷിയുള്ള 550 കിലോ മഞ്ഞളാണ് ആദ്യഘട്ടത്തിൽ വിത്തിനായി എത്തിച്ചത്. ഒരു കിഴങ്ങ് ഒരു കിലോയോളം വരുമെന്നതാണ് ഇവയുടെ പ്രത്യേകത. പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി. 10 മാസം നീണ്ടുനിൽക്കുന്ന കൃഷിക്കൊടുവിൽ വിത്തുമഞ്ഞളായി വിപണിയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആയിരം കിലോയോളം വിളവ് ഇത്തവണ ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ