navakeralabus

വിവാദം കൊഴുക്കുമ്പോഴും നവകേരള ബസ് കട്ടപ്പപ്പുറത്തുതന്നെ. അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ബസ് കോഴിക്കോട്ടെ വർക്ക് ഷോപ്പില്‍ കയറ്റിയിട്ട് ഒരു മാസം കഴിഞ്ഞു. എന്ന് പണിതുടങ്ങുമെന്നോ എന്ന് ബസ് സർവീസ് തുടങ്ങുമെന്നോ ആർക്കും വിവരമില്ല.

മ്യൂസിയത്തില്‍വെച്ചാല്‍ പോലും കാണാന്‍ ആളുകൂടുമെന്ന് മന്ത്രി പറഞ്ഞ നവകേരള  ബസാണ് ഒരു മാസത്തോളമായി അനക്കമില്ലാതെ കിടക്കുന്നത്. മെയ് അഞ്ചിനാണ് ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സർവീസ് ആരംഭിച്ചത്. കഷ്ടിച്ച് ഒരു മാസം കുഴപ്പമില്ലാതെ പോയി. യാത്രക്കാർ കുറഞ്ഞതോടെ ചില ദിവസങ്ങളില്‍ സർവീസ് റദ്ദാക്കി. പിന്നെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാക്കി. 

സർവീസ് മുടങ്ങുന്നത് വാർത്തയായപ്പോള്‍ യാത്രക്കാരില്ലെങ്കിലും സർവീസ് മുടക്കരുതെന്ന് തിരുവനന്തപുരത്ത് നിന്ന് ഇഡി ഓപറേഷന്‍ കർശന നിർദേശം നല്‍കിയിരുന്നു. ആളൊഴിഞ്ഞ ആ ഓട്ടത്തിനിടയിലാണ് ബസ് വർക്ക്ഷോപ്പിലേക്ക് മാറ്റുന്നത്. ജൂലൈ 21 ന് ശേഷം ബസ് ഓടിച്ചിട്ടില്ല. ശുചിമുറി ഒഴിവാക്കി ആ ഭാഗത്ത് കൂടി സീറ്റ് പിടിപ്പിക്കുന്നതിനാണ് ബസ് വർക്ക് ഷോപ്പില്‍ കയറ്റിയതെന്നാണ് വിവരം. 

 

കോഴിക്കോട് ബംഗളൂരു റൂട്ടില്‍ ഓണക്കാലത്ത് വലിയ തിരക്കുള്ളതാണ്. ആപ്പോഴേക്കെങ്കിലും ബസ് നിരത്തിലിറങ്ങുമോ എന്നതിനും ഉത്തരമില്ല. കൂടിയ ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് യാത്രക്കാരെ നവകേരള ബസില്‍ നിന്ന് അകറ്റിയത്. യാത്രാസമയം പുനക്രമീകരിക്കണം എന്ന ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. കോടികള്‍ മുടക്കി നിരത്തിലിറക്കിയ ബസ് ഇനിയും എത്രനാള്‍ പൊടിപിടിച്ച് കട്ടപ്പുറത്ത് കിടക്കേണ്ടിവരുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

ENGLISH SUMMARY:

Nava kerala bus service suspended. Under maintenance about last one month.