TOPICS COVERED

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വർണ്ണം തട്ടിയെടുത്ത കേസില്‍ മുൻ മാനേജർ മധ ജയകുമാര്‍ റിമാന്‍ഡില്‍. കസ്റ്റഡി കാലവധി അവസാനിച്ചതോടെ പ്രതിയെ പയ്യോളി കോടതിയില്‍ പ്രതിയെ ഹാജരാക്കി. പ്രതിയുമായി ഇന്നലെ ബാങ്കില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ ഇനിയും 21 കിലോ കണ്ടെത്താനുണ്ട്.

മൂന്നു വർഷം അധിപനായിരുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ തെളിവെടുപ്പിനായി എത്തിച്ച ശേഷമാണ് മധ ജയകുമാറിനെ പയ്യോളി കോടതിയില്‍ ഹാജരാക്കിയത്. കേസ് അന്വേഷണം പൂർത്തിയാകാത്തതു കൊണ്ട് ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. മധ ജയകുമാറിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തമിഴ്നാട്ടിലേക്ക് പോകും. പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ െെക്രംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. തട്ടിയെടുത്ത സ്വർണം മറ്റ് ഏതൊക്കെ ബാങ്കുകളിൽ പണയം വച്ചു എന്നു കണ്ടെത്തുകയാണ് അന്വേഷണ സംഘത്തെ കുഴക്കുന്ന പ്രശ്നം. തിരുപ്പുരില്‍ സ്വര്‍ണ്ണം പണയംവെക്കാന്‍ ഇടനിലക്കാരനായി നിന്ന കാര്‍ത്തിക്കിന് വേണ്ടി അന്വേഷണം തമിഴ്നാട് പൊലീസിന്‍റെ സഹകരണത്തോടെ നടക്കുന്നുണ്ട്. ഇയാളെ പിടികൂടിയാല്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബാങ്കിലെ നഷ്ടപ്പെട്ട് സി.സി.ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 

ENGLISH SUMMARY:

Former manager Madha Jayakumar remanded in gold theft case of Bank of Maharashtra's Vadakara branch. After the custodial period ended, the accused was produced before the Payoli court.