പണം തിരിച്ചു നല്‍കാതെ നിക്ഷേപകരെ പെരുവഴിയിലാക്കിയ തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക ആരോപണങ്ങള്‍ ഉയരുന്നു. ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും ബെനാമി പേരിലും കുടുംബാഗങ്ങളുടെ പേരിലും ബാങ്കില്‍ നിന്നെടുത്തത് ലക്ഷങ്ങള്‍. 

കൃത്രിമ രേഖകള്‍ കാട്ടിയാണ് പലരും ബാങ്കില്‍ നിന്നു വായ്പ തരപ്പെടുത്തിയത്. മാത്രമല്ല തിരിച്ചടവും മുടങ്ങിയതോടെ  ഇവരില്‍ പലരും തിരിച്ചടയ്ക്കാനുള്ളത് കോടികളാണ്. മുന്‍ സെക്രട്ടറി എ.ആര്‍. രാജേന്ദ്രന്‍റെ കുടുംബം പലിശയടക്കം  ബാങ്കിനു നല്‍കാനുള്ളത് ഒരു കോടി ഇരുപതു ലക്ഷം രൂപ. 

മക്കളുടെ പേരിലുള്ള വിദ്യാഭ്യാസ വായ്പയടക്കമാണ് ഇത്രയും തുക തരപ്പെടുത്തിയത്. മതിയായ ഈടില്ലാതെയായിരുന്നു വായ്പ. ലണ്ടനിലുള്ള മക്കളുടെ അടുത്തേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ തടയണമെന്നാവശ്യപ്പെട്ട് സഹകാരികള്‍ നേമം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

നിക്ഷേപ തിരിച്ചുകിട്ടാത്തതില്‍ 77 പരാതികളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വി.എസ്. ഷാജി ,ബാങ്ക് മുന്‍ സെക്രട്ടറി എ.ആര്‍.രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ടി നടപടിയെടുത്തിരുന്നു. 

ENGLISH SUMMARY:

Depositors stage protest at Nemom Service Cooperative Bank. Former secretary has to pay one crore and 20 lakhs.