mukesh

നടിയുടെ പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തതോടെ മുകേഷ് എവിടെ എന്നതിൽ അവ്യക്തത തുടരുകയാണ്. മുകേഷ് എവിടെ എന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിനും മറുപടിയില്ല . അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണവും നൽകി. എം മുകേഷിന്‍റെ കൊല്ലത്തെ ഓഫീസിനും വീടിനും നേരെ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കേസിന് പിന്നാലെ നടനും എംഎൽഎയുമായ എം മുകേഷ കാണാ മറയത്ത് ആയതോടെ പ്രതിരോധത്തിലായത് പാർട്ടി കൂടിയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂന്ന് ദിവസത്തേക്ക് മുകേഷിന്റെ അറസ്റ്റ് തടഞ്ഞതോടെ അൽപ്പം ആശ്വസിക്കാമെങ്കിലും മുകേഷ് തിരുവനന്തപുരത്ത് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ലെന്നാണ് വിവരം. അതിനിടെ, മുഖ്യമന്ത്രിക്ക് മുകേഷ് വിശദീകരണം നൽകി. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പരാതി ഉന്നയിച്ച നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിയോട് മുകേഷ് പറഞ്ഞു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പടെയുള്ള തെളിവുകൾ കയ്യിൽ ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്ത് പല ഭാഗത്തും പ്രതിഷേധം നടന്നു. 

തിരുവനന്തപുരത്ത് യുവമോർച്ച മാർച്ചിലും യൂത്ത് കോൺഗ്രസ്സ് മാർച്ചിലും സംഘർഷമുണ്ടായി. സിപിഐ പൂർണമായും മുകേഷ് രാജി വെക്കണമെന്ന നിലപാട് സ്വീകരിച്ചിട്ടും മുകേഷിനെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്.കൊച്ചിയിലെ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. എന്നാൽ കേസെടുത്തത്തിന് പിന്നാലെ മുകേഷിനെ കൊല്ലത്തെയും തിരുവനന്തപുരത്തെയും വീട്ടിൽ കാണാനില്ല. 

ENGLISH SUMMARY:

Actor Mukesh is absconding