ആശുപത്രികളിലെ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും സുരക്ഷാ പരിശോധന ശക്തമാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകര്‍ക്ക് പരിശീലനം നൽകണമെന്നും സുരക്ഷയ്ക്കായി രൂപീകരിച്ച ദേശിയ കര്‍മ സമിതി നിര്‍ദേശിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സുപ്രീം കോടതി നിയോഗിച്ച ദേശിയ കര്‍മ സമിതി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് അടിയന്തര നടപടികള്‍ നിര്‍ദേശിച്ചത്. ആശുപത്രികളിലെ ആളൊഴിഞ്ഞതും പെട്ടെന്ന് ശ്രദ്ധയെത്താത്തതുമായ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം, അവ പൊലീസ് ഹെല്‍പ് ലൈനുമായി ബന്ധിപ്പിക്കണം. സുരക്ഷാ ജീവനക്കാര്‍ എല്ലായിടങ്ങളിലും പതിവായി പരിശോധന നടത്തണം. വലിയ ആശുപത്രികളിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്തി കുറവുകള്‍ പരിഹരിക്കണം. പതിവായി മോക്ക് ഡ്രില്ലുകൾ നടത്തണം. സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നൂതന ആശയങ്ങൾ മുന്നോട്ടുവയ്ക്കണമെന്നും കേന്ദ്ര ആഭ്യന്തര,ആരോഗ്യ സെക്രട്ടറിമാര്‍ നിര്‍ദേശിച്ചു.
ആശുപത്രികളിലെ സുരക്ഷയ്ക്ക് നിയമനിര്‍മാണം നടത്തിയതായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളോടും നിയമം നിർമിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ച് കര്‍മ സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കും. കൊൽക്കത്തയില്‍ വനിത ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി കര്‍മസമിതി രൂപീകരിച്ചത്.