നടിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ എം. മുകേഷ് എം.എല്‍.എയുടെ അറസ്റ്റ് സെപ്റ്റംബര്‍ 3വരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞു . തന്നെ ഭിഷണിപ്പെടുത്തി ബ്ളാക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നടി പരാതിയില്‍ ആരോപിച്ച കാര്യങ്ങള്‍ െതറ്റാണെന്നും മുകേഷ് ഹര്‍ജിയില്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം മുകേഷിനെതിരെ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. അതിനിെട അന്വേഷണ സംഘത്തിന് ശാസ്ത്രീയ തെളിവുകള്‍ കൈമാറുമെന്ന് പരാതിക്കാരി വ്യക്തമാക്കി.
കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് നടനും എംഎല്‍എയുമായ എം മുകേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ കോടതി സെപ്റ്റംബര് 3ന് വിശദമായ വാദം കേള്‍ക്കും. നേരത്തെ പത്ത് മണിക്കൂറിലേറെ സമയമെടുത്താണ് അന്വേഷണ സംഘം പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മരട് പൊലിസ് കേസ്. കേസെടുത്തതില്‍ സന്തോഷമെന്നും, അന്വേഷണ സംഘത്തിന് ശാസ്ത്രീയ തെളിവുകള്‍ കൈമാറുമെന്നും പരാതിക്കാരി വ്യക്തമാക്കി.
അമ്മയില്‍ അംഗത്വവും സിനിമയില്‍ അവസരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുകേഷിനെതിരെ നടി നല്‍കിയ പരാതി. നടന്മാർക്ക് വഴങ്ങാത്തതിന്റെ പേരിൽ സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നും നടി ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ നടിയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.