മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രതിഭകളെ വേദിയിലെത്തിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവിന് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കയറ്റുമതി 2029 ൽ 50,000 കോടി രൂപയാകുമെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് രാജ് നാഥ് സിങ് പറഞ്ഞു. ബലാല്‍സംഗക്കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷ നടപ്പാക്കണമെന്നും ബംഗാളിലെ ഡോക്ടറുടെ അനുഭവം എടുത്തുപറഞ്ഞ് അദ്ദേഹം നിർദ്ദേശിച്ചു.
രാജ്യം ശ്രദ്ധിക്കുന്ന വാക്കുകളോടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മനോരമ ന്യൂസ് കോൺക്ലേവിന് തിരിതെളിച്ചത്. പ്രതിരോധ മേഖലയിലെ ഇറക്കുമതി 35% ആയി കുറയ്ക്കാൻ ആയത് ഇന്ത്യ മാറുന്നതിന്റെ സൂചനയാണെന്ന് രാജനാഥ്.
ബലാത്സംഗം കുറ്റത്തിന് വധശിക്ഷ എന്ന നിയമം രാജ്യത്ത് കൊണ്ടുവന്നു. എന്നാൽ പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കുന്നില്ല. ബംഗാളിൽ വനിതാ ഡോക്ടർക്ക് നേരെ ഉണ്ടായ ദാരുണ അതിക്രമം എടുത്തുപറഞ്ഞ രാജനാഥ് സിങ് ഈ നിർദ്ദേശം മുന്നോട്ടുവച്ചു.
നിങ്ങൾക്ക് ഭാവി അനുഭവിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ എന്ന ഇന്ത്യയുടെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് രാജ്നാസിംഗ് പ്രസംഗം അവസാനിപ്പിച്ചത്.
വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് കോൺക്ലേവ് തുടങ്ങിയത്. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും, മനോരമ ന്യൂസ് ഡയറക്ടറുമായ ജയന്ത് മാമൻ മാത്യു സ്വാഗതം പറഞ്ഞു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പ്രതിരോധ മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.