മലയാളികളുടെ സംവാദവേദി മനോരമ ന്യൂസ് കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് കോണ്‍ക്ലേവിന് തുടക്കമായത് . ദുരന്തബാധിതരുടെ ജീവിതം വേഗത്തില്‍ പഴയപോലെ ആകട്ടെയെന്ന് രാജ്നാഥ് സിങ് . വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സേനകളുടെ പങ്ക് പ്രശംസനീയം. മോദി സര്‍ക്കാരിന്റെ നേട്ടമെണ്ണി രാജ്നാഥ് സിങ്. മോദിയുടെ മൂന്നാമൂഴത്തില്‍ വിദൂരമെന്ന് തോന്നിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇപ്പോള്‍ ശുചിമുറിയില്ലാത്ത വീടില്ല, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബമില്ല. വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങള്‍ ഇല്ലെന്നും രാജ്നാഥ് സിങ് കോണ്‍ക്ലേവില്‍. ലിംഗസമത്വം സാധ്യമാക്കി, സ്ത്രീ ശാക്തീകരണത്തില്‍ ഏറെ മുന്നേറിയെന്നും രാജ്നാഥ് സിങ്.
‘ചെയ്ഞ്ച് മേക്കേഴ്സ്’ ആണ് ഇത്തവണ വിഷയം. വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. രാഷ്ട്രീയം മുതൽ സിനിമ വരെയുള്ള ഭിന്നവിഷയങ്ങള്‍ വേദിയില്‍ ചര്‍ച്ചയാകും. സാക്ഷികളായി പ്രൗഢ സദസും. വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചായിരുന്നു കോണ്‍ക്ലേവ് തുടങ്ങിയത്. ദുരന്തബാധിതരുടെ ജീവിതം വേഗത്തില്‍ പഴയപോലെ ആകട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു
വൈകിട്ട് 6ന് സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ‘കേരളം മാറ്റത്തിന്റെ പാതയിലാണോ’ എന്ന വിഷയത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ, മന്ത്രി പി.രാജീവ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ എന്നിവർ ചർച്ച നടത്തും. മനോരമ ന്യൂസ് അവതാരകരെ സ്പീക്കർ എ.എൻ.ഷംസീർ ‘ദ് കൗണ്ടർ ക്വസ്റ്റ്യൻ’ സെഷനിൽ ചോദ്യം ചെയ്യും.
‘ഇന്ത്യ കേൾക്കേണ്ട ശബ്ദം’സെഷനിൽ കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ, ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്ഷിത ധർ എന്നിവരും ‘കുടിയേറ്റത്തിന്റെ മുഖംമാറ്റം’ എന്ന സെഷനിൽ യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫും മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് ജെഎൻയു പ്രഫസർ കൂടിയായ ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജവും സംവദിക്കും. ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവും നിയുക്ത ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും ആശയങ്ങൾ പങ്കുവയ്ക്കും.
കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സമി, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിക്കും. ഇവരുമായി സംവാദവും ഉണ്ടാകും. മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ‘മല്ലുമിനാറ്റി’ സെഷനിൽ സംവിധായകരായ ജിയോ ബേബി, ചിദംബരം, രാഹുൽ സദാശിവൻ എന്നിവർ പങ്കെടുക്കും. കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് ഡോ.റോക്സി മാത്യു കോൾ സംസാരിക്കും. വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളെക്കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.ടോം ജോസഫ് സംസാരിക്കും.