supreme-court

TOPICS COVERED

ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ജനിച്ചത് കൊണ്ട് മകന്‍ ക്രിസ്ത്യാനിയാകുമോ എന്ന ചോദ്യവുമായി സുപ്രീംകോടതി. എ.രാജ എംഎല്‍എ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടയിലാണ് കോടതിയുടെ ചോദ്യം. ദേവികുളം സംവരണ സീറ്റിലെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഹര്‍ജി. 

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ലെന്നും സംവരണ സീറ്റില്‍ മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും എ രാജ വാദിച്ചു. എന്നാല്‍ ക്രൈസ്തവ ദമ്പതികളുടെ മകനായി ജനിച്ച് ജ്ഞാനസ്നാനം ചെയ്ത് ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണ് രാജയെന്ന് എതിര്‍ സ്ഥാനാര്‍ഥി ഡി കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. 

എന്നാല്‍ ഇക്കാര്യം സ്ഥാപിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഡി കുമാറിന് സാധിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചാണ് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ജനിച്ചത് കൊണ്ട് മകന്‍ ക്രിസ്ത്യാനിയാകുമോ എന്ന ചോദ്യം കോടതി ചോദിച്ചത്. ബെനിസന്‍ എന്ന പേരിലാണ് രാജയുടെ മാമോദിസ നടന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും വിസ്താരത്തിനിടെ ഇക്കാര്യം രാജയോട് ചോദിച്ചിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു. 

മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും സംവരണ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മാതാപിതാക്കള്‍ തമിഴ്നാട്ടിലെ ഹിന്ദു പറയര്‍ വിഭാഗക്കാരാണെന്നും രാജ കോടതിയില്‍ പറയുന്നു. 

ENGLISH SUMMARY:

The Supreme Court asked whether a son born to a Christian couple can become a Christian. The question of the court is during the hearing of the petition given by A. Raja MLA.