മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹൃദയപൂർവം ഹൃദയ പരിശോധന ക്യാംപിന് കൊച്ചിയില്‍ തുടക്കം. കടവന്ത്ര ലയൺസ് ക്ലബ് കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ക്യാംപ് നടി മഞ്ജുവാരിയര്‍ ഉല്‍ഘാടനം ചെയ്തു. രജത ജൂബിലിയിലേക്ക് കടക്കുന്ന 'ഹൃദയപൂർവം' പദ്ധതിയുടെ ഈ വർഷത്തെ രണ്ടാമത്തെ ക്യാംപാണു കൊച്ചിയിൽ നടക്കുന്നത്.

കൊച്ചി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ലയണ്‍സ് ക്ലബ്ബ് കമ്യൂണിറ്റി സെന്‍ററില്‍ ഇന്നും നാളെയുമാണ് ഹൃദയ പരിശോധന ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിവർഷ വരുമാനം അറുപതിനായിരം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കാണ് പരിശോധനയ്ക്കും സൗജന്യ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കും അർഹത. രജത ജൂബിലിയിലേക്ക് കടക്കുന്ന 'ഹൃദയപൂർവം' പദ്ധതിയുടെ ഈ വർഷത്തെ രണ്ടാമത്തെ ക്യാംപാണു കൊച്ചിയിൽ നടക്കുന്നത്. നടി മഞ്ജു വാരിയര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്യാംപിലെത്തിയവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുവെന്ന് മഞ്ജു വാരിയര്‍ പറഞ്ഞു.

ഇസിജി, എക്കോ, ട്രെഡ്മിൽ ടെസ്റ്റ് തുടങ്ങിയ പരിശോധന സൗകര്യങ്ങൾ ക്യാംപിലുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ഡൈഗനോസ്റ്റിക് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ മിഷന്‍റെ മുതിര്‍ന്ന ഡോക്ടര്‍മാരാണ് ക്യാംപിലെത്തുന്നവരെ പരിശോധിക്കുന്നത്. ഹൃദയപൂര്‍വം പദ്ധതിയിലൂടെ ഇതിനകം 2400 പേരുടെ ശസ്ത്രക്രിയയാണ് പൂര്‍ത്തിയാക്കിയത്. മദ്രാസ് മെഡിക്കല്‍ മിഷന്‍ വൈസ് പ്രസിഡന്‍റ് ജോസഫ് എബ്രഹാം കണ്ടത്തില്‍, മലയാളമനോരമ ചീഫ് ജനറല്‍ മാനേജര്‍ എഡ്വിന്‍ വിനോദ് ജെയിംസ് തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങിന്‍റെ ഭാഗമായി. 

ENGLISH SUMMARY:

Hrudayapoorvam heart check-up camp organized by Malayalam Manorama and Madras Medical Mission has started in Kochi