ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി .  വെന്റിലേറ്ററില്‍നിന്ന് മാറ്റി . ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരം . എന്നാല്‍ അപകടനില തരണംചെയ്തിട്ടില്ലെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. അപകടം നടന്ന് ആറുദിവസത്തിനുശേഷമാണ് വെന്റിലേറ്ററില്‍നിന്ന് മാറ്റിയത്. കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയിൽനിന്നു വീണാണ് ഉമ തോമസ് എംഎൽഎക്കു ഗുരുതര പരുക്കേറ്റത്. 

Read Also: ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’; ഉമാ തോമസിന്റെ കുറിപ്പ്; പ്രതീക്ഷ

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 11,600 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയിൽ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേറ്റു. തലച്ചോറിനും നട്ടെല്ലിനും പരുക്കേറ്റു. വാരിയെല്ല് ഒടിഞ്ഞു തറച്ചതിനെത്തുടർന്നു ശ്വാസകോശത്തിലും മുറിവുണ്ടായി. മുഖത്തെ അസ്ഥികളും പൊട്ടി. ആശുപത്രിയിലെത്തിക്കുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെങ്കിലും വൈകാതെ നിയന്ത്രിച്ചു. 

പുതുവര്‍ഷ ദിവത്തില്‍ ഉമ തോമസ് ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ചിരുന്നു. ഓർമകളെ തിരിച്ചു പിടിച്ച ആ വാക്കുകളിൽ ഹൃദയം തൊട്ട് ഒപ്പം നിന്നവർ ഒരുനിമിഷം കണ്ണടച്ചു പ്രാർഥനാനിരതരായി. 

സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത് ജിസിഡിഎ ചെയർമാൻ

ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട കലൂരിലെ നൃത്തപരിപാടിക്ക് അനുമതി നല്‍കിയത് വഴിവിട്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജിസിഡിഎ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. രാജിയാവശ്യപ്പെട്ട് ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയെ വളഞ്ഞു. കയ്യേറ്റത്തിനു വന്നാല്‍ നേരിടാനറിയാമെന്ന് ചന്ദ്രന്‍പിള്ള. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കി പൊലീസ് . 

നിയമപരമായാണ് അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. സ്റ്റേഡിയം വിട്ടുനല്‍കിയത് എക്സിക്യുട്ടിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്നും ചന്ദ്രന്‍ പിള്ള വ്യക്തമാക്കി. 

വീഴ്ച ആരുടേതെന്ന് പൊലീസ് അന്വേഷിക്കട്ടെ. മേയര്‍ ഒന്നുമറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു? . മൃദംഗവിഷന്‍ തട്ടിപ്പുകാരല്ലെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. 

കലൂരിലെ നൃത്തപരിപാടിക്ക് അനുമതി നല്‍കിയത് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിട്ടെന്ന വിവരവും പുറത്തുവന്നു. ഉദ്യോഗസ്ഥരെ മറികടന്ന് കലൂര്‍ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത് ചെയര്‍മാന്റെ ഇടപെടലിലാണ്. ഐഎസ്എല്‍ നടക്കുന്നതിനാല്‍ മറ്റൊന്നും പാടില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചെയര്‍മാന്‍ തള്ളി. 9 ലക്ഷം രൂപ വാടക നിശ്ചയിച്ചതും കെ.ചന്ദ്രന്‍പിള്ളയാണ്.  അനുമതിപ്പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് കെ.ചന്ദ്രന്‍പിള്ളയ്ക്കെതിെര വിജിലന്‍സില്‍ പരാതി. 

ENGLISH SUMMARY:

Uma Thomas' health condition improves; removed from ventilator