doctor

ആലപ്പുഴ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയതില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രോഗിയുടെ ജീവന്‍ അപകടത്തിലാകുംവിധം ഗുരുതരമായ ചികില്‍സ പിഴവ് വരുത്തിയതിനാണ് ഹരിപ്പാ‌ട് പൊലീസ് ഡോ.വിജയകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. 

 

കുമാരപുരം പൊത്തപ്പള്ളി കൈതപ്പറമ്പില്‍ റെജിയുടെ ഭാര്യ 25കാരി നീതുവാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. ഓഗസ്റ്റ് രണ്ടിനാണ് നീതുവിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജനിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 15ന് അസഹനീയമായ വേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡി.കോളജില്‍ ചികില്‍സ തേടിയെത്തി. 

അവിടെ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയെന്ന വിവരവും സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയും പുറത്തുവന്നത്. തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയയിലൂടെ 10 സെന്റീമീറ്റര്‍ കുടല്‍ മുറിച്ച് മാറ്റിയാണ് കത്രിക പുറത്തെടുത്തത്. പിന്നാലെ നീതുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ജില്ലാ പൊലീസ് സൂപ്രണ്ടിനും ആരോഗ്യ വകുപ്പിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ മുറിയില്‍ ഉണ്ടായിരുന്ന മറ്റു ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ് യുവതി. 

The police registered a case against the doctor after the instrument got stuck in the woman's stomach during a delivery operation: