കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർക്ക് വരുമാനമാർഗമൊരുക്കി സത്യസായി ഓർഫനേജ് ട്രസ്റ്റ്. അമ്മമാർക്ക് തയ്യൽ പരിശീലനം നൽകി തയ്ച്ചെടുക്കുന്ന വസ്ത്രങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ട്രസ്റ്റ്
വിഷമഴയേറ്റ് ജീവിതം വാടിയ ഇവരെല്ലാം ഇന്ന് അതിജീവനത്തിന്‍റെ പാതയിലാണ്. തുന്നിയെടുക്കുന്നത് വെറും വസ്ത്രങ്ങൾ മാത്രമല്ല. പ്രതീക്ഷകൾ കൂടിയാണ്. ഒരു വർഷം മുൻപാണ് എൻഡോസൾഫാൻ ദുരിതബാധിതർക്കും കുടുംബങ്ങൾക്കും തൊഴിൽ പരിശീലനം നൽകുന്നതിന്‍റെ ഭാഗമായി സായി ശ്രീ തയ്യൽ പരിശീലന കേന്ദ്രം തുടങ്ങിയത്. പരിശീലകരായി ബിന്ദുവും വിശാലയും.
വരുമാനം ലഭിച്ചു തുടങ്ങിയതോടെ അമ്മമാർക്കും സന്തോഷം. ഇരിയ സത്യസായി ഗ്രാമത്തിൽ തയ്ച്ചെടുക്കുന്ന വസ്ത്രങ്ങൾ സായിശ്രീ ഗാർമെന്‍റ് സ്റ്റോർ വഴിയാണ് വിറ്റഴിക്കുന്നത്. ലാഭവിഹിതം കൊണ്ട് ക്രമേണ വലിയതോതിൽ ഗാർമെന്റ് യൂണിറ്റ് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണിവർ.