പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കനവ് ബേബി (കെ.ജെ. ബേബി) അന്തരിച്ചു. 70 വയസായിരുന്നു. വയനാട്ടിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. ബേബിയുടെ മരണം തീരാനഷ്ടമെന്ന് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ സച്ചിദാന്ദന്‍ പറഞ്ഞു. ആദിവാസികള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആളാണെന്നും കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിവാസി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായാണ് സ്വകാര്യ ട്രസ്റ്റ് സംഭാവനയായി നല്‍കിയ നടവയലിലെ ആറ് ഏക്കര്‍ സ്ഥലത്ത് ബേബി 'കനവ്' സ്ഥാപിച്ചത്. പരമ്പരാഗതമായ ക്ലാസ്റൂം, സിലബസ് ശൈലിയില്‍ നിന്ന് മാറി തൊഴിലധിഷ്ഠിതവും പ്രായോഗികവുമായി വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു ഗുരുകുല സമ്പ്രദായം തുടര്‍ന്നു വന്ന കനവിലൂടെ ബേബി ലക്ഷ്യമിട്ടത്. ബേബിയുടെ 'നാട്ടുഗദ്ദിക'യെന്ന നാടകം കേരളത്തില്‍ ഏറെ വിവാദവമുയര്‍ത്തിയിരുന്നു. 'മാവേലി മന്റം' എന്ന നോവലാണ് സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്.