വര്‍ഗ ബഹുജന സംഘടനകളുടെ അമരക്കാരനായുള്ള ദീര്‍ഘനാളത്തെ പ്രവര്‍ത്തത്തിലൂടെയാണ് ഇപി ജയരാജന് പകരക്കാരനായി ടിപി രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യവും പരിചയസമ്പത്തും പാര്‍ട്ടിക്കും മുന്നണിക്കും കരുത്താകുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.
ഇപിക്ക് പകരം ഇനി ടിപി. കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇപി ജയരാജന്‍ ഉണ്ടാക്കിയ തലവേദന ചില്ലറയായിരുന്നില്ല സിപിഎമ്മിന്. ആ ക്ഷീണം തീര്‍ക്കുന്ന തരത്തിലുള്ള നേതാവെന്ന ചര്‍ച്ച ഉയര്‍ന്നുവന്നതോടെയാണ് ടിപി രാമകൃഷ്ണന് നറുക്കുവീണത്. മുതിര്‍ന്ന നേതാവ് എന്നതിനേക്കാള്‍ ഉപരി പാര്‍ട്ടിയുടെ വിശ്വസ്ഥന്‍ എന്നതാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് ടിപിയെ പരിഗണിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മികച്ച നേതൃപാടവം, സൗമ്യമായ പെരുമാറ്റം എന്നിവയും അനുകൂല ഘടകങ്ങളായി. കോഴിക്കോട്ടെ സിപിഎമ്മിനുള്ളിലെ പ്രബല വിഭാഗങ്ങളില്‍ പക്ഷം പിടിക്കാത്ത നേതാവ് കൂടിയാണ് ടിപി. അതുകൊണ്ട് തന്നെ പുതിയ നേതൃപദവിക്ക് വലിയ രാഷ്ട്രീയമാനം കല്‍പ്പിക്കപ്പെടുന്നു. കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇപിയുണ്ടാക്കിയ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രതിരോധം തീര്‍ത്തുകൊണ്ട് മുന്നോട്ട് പോവുന്നതടക്കമുള്ള വെല്ലുവിളികള്‍ ഏറെയുണ്ട് ടിപി രാമകൃഷ്ണന്.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് 2001ലും 2016ലും 2021ലും നിയമസഭയിലെത്തിയ ടിപി, ഒന്നാം പിണറായി മന്ത്രിസഭയില്‍ തൊഴില്‍– എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗവുമാണ്. കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായിരിക്കെ1968ലാണ് സിപിഎം അംഗമായത്. ചെറുതും വലുതുമായ പാര്‍ട്ടിയുടെ വിവിധ പദവികള്‍ വഹിച്ച ടിപി രാമകൃഷ്ണന്‍ 2004 മുതല്‍ 2014വരെ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്നു.