നടന്‍ ജയസൂര്യയ്ക്കെതിരെ ഉന്നയിച്ച പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ നടി. തെറ്റുകാരനല്ലെങ്കില്‍ ജയസൂര്യ അത് തെളിയിക്കട്ടെ.പൊതുസമൂഹത്തോട് നടന്‍ മാപ്പുപറയണം. കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന്‍റെ പിന്തുണ വേണമെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. നടിയുടെ രഹസ്യമൊഴി അടുത്ത ദിവസം നേരഖപ്പെടുത്തും.
തനിക്കുനേരെ ഉയര്‍ന്നത് വ്യാജ ലൈംഗികാതിക്രമ പരാതിയെന്നായിരുന്നു ജയസൂര്യയുടെ വിശദീകരണം. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി തനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയിൽ വച്ച് ജയസൂര്യ കടന്നുപിടിച്ചു എന്നാണ് നടിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ കന്‍റോണ്‍മെന്‍റ് പോലീസ് എടുത്ത കേസിന്റെ ഭാഗമായിട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അതോടൊപ്പം സെക്രട്ടറിയേറ്റിൽ പരിശോധന നടത്താനുള്ള അനുമതിയും പോലീസ് തേടിയിട്ടുണ്ട്.