ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട്-ബാലുശേരി റോഡുകളെ ബന്ധിപ്പിക്കുന്ന വേങ്ങേരി ഓവര്‍പാസ് തുറന്നു. പ്രതികൂല കാലാവസഥ പലപ്പോഴും വില്ലനായതിന് പുറമേ പാലം നിര്‍മിക്കാനുദ്ധേശിച്ച സ്ഥലത്ത് ജപ്പാന്‍ കുടിവെള്ള പൈപ്പ് ലൈന്‍ കൂടി കണ്ടെത്തിയതോടെ പ്രതീക്ഷിച്ചതിലേറെ നിര്‍മാണം വൈകി.
ഇത് ജനങ്ങളുടെ വിജയമാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി അവര്‍ നടത്തിയ സമരത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും ഫലം. 45 മീറ്റര്‍ വീതിയിലാണ് ഓവര്‍പാസ് നിര്‍മിക്കുന്നത്. എന്നാല്‍ ആദ്യഘട്ടമായി 13.75 മീറ്റര്‍ വീതിയുള്ള ഭാഗമാണ് തുറന്നത്. ഓവര്‍പാസ് നിര്‍മാണത്തിനിടയില്‍ കണ്ടെത്തിയ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ പൈപ്പ് മാറ്റിയാല്‍ മാത്രമെ ഓവര്‍പാസ് നിര്‍മാണം പൂര്‍ത്തിയാകൂ.
ദിനംപ്രതി 120 ലേറെ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണിത്. പാലം അടച്ചതോടെ ബാലുശേരി നരിക്കുനി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കിലോമീറ്ററുകളോളം ചുറ്റിയാണ് സഞ്ചരിക്കുന്നത്. നേരത്തെ ചെറിയ വാഹനങ്ങള്‍ക്ക് യാത്രചെയ്യാനായി ഉപയോഗിച്ചിരുന്ന താത്കാലിക റോഡ് പൂര്‍ണമായി അടച്ചുകൊണ്ടാവും പണി പൂര്‍ത്തീകരിക്കുക.