തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചന ആരോപിച്ച് സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണം. ഇക്കാര്യത്തില്‍, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം കഴിഞ്ഞ് നാലുമാസമായിട്ടും വിവാദം തീരുന്നില്ല. പൂരം കലക്കിയതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ ആവര്‍ത്തിച്ച് ആരോപിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് അങ്കിത് അശോകനെ നീക്കിയിരുന്നു. പക്ഷേ, നാലു മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നില്ല. എ.ഡി.ജി.പി.: എം.ആര്‍.അജിത്കുമാറായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍, അജിത്കുമാറിനെതിരെ ആരോപണം സുനില്‍കുമാര്‍ ഉന്നയിച്ചില്ല. തൃശൂര്‍ ഐ.ജിയായിരുന്നപ്പോള്‍ നല്ല അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാറെന്നും സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവരില്ലെന്ന് തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ കൊല്ലത്ത് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തിരുവമ്പാടി ദേവസ്വവും ആവശ്യപ്പെട്ടു. തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എ.ഡി.ജി.പി. അജിത്കുമാറിന് പൂരം സംബന്ധിച്ച മൊഴികള്‍ നല്‍കിയിരുന്നു. പക്ഷേ, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല.