TOPICS COVERED

എറണാകുളം- ബംഗളൂരു വന്ദേഭാരതിൻറെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് പുതിയ ട്രെയിൻ അനുവദിച്ച് റെയിൽവെ. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള തീവണ്ടിയാണ് സർവീസ് നടത്തുക. ഓണം സ്പെഷ്യൽ ട്രെയിൻ എന്ന പേരിൽ നാല് സർവീസുകളാണ് ഉണ്ടാവുക. ബുക്കിങ് ആരംഭിച്ചു. 

സെപ്റ്റംബർ നാല്, ആറ് തീയതികളിൽ എറണാകുളത്ത് നിന്നും അഞ്ച്, ഏഴ് തീയതികളിൽ യെലഹങ്കയിൽ നിന്നും തിരികെയും സർവീസ് നടത്തും. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വണ്ടി രാത്രി 11 മണിക്ക് യെലഹൻങ്കയിലെത്തും. പുലർച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയിൽ നിന്നുള്ള സർവീസ് ആരംഭിക്കുക. എറണാകുളത്ത് നിന്നാരംഭിക്കുന്ന സർവീസിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. 

ഒരു മാസത്തെ സർവീസിന് ശേഷമാണ് എറണാകുളം– ബംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് നിർത്തലാക്കിയത്. ജൂലൈ 31 ന് ആരംഭിച്ച സർവീസ് ഓഗസ്റ്റ് 26 നാണ് അവസാന സർവീസ് നടത്തിയത്. വരുമാനമുണ്ടെങ്കിൽ സർവീസ് നീട്ടാമെന്ന റെയിൽവേ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഓണത്തിന് മുന്നോടിയായി സർവീസ് നിർത്തിയത് ബം​ഗളൂരു മലയാളികളെ പ്രതിസന്ധിയിലാക്കി. 105 ശതമാനം ബുക്കിങ്ങുണ്ടായിരുന്ന വണ്ടിയായിരുന്നു എറണാകുളം– ബംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ്.

ENGLISH SUMMARY:

Railway start special train to Bengaluru from Ernakulam in Vande Bharat time.