TOPICS COVERED

തൃശൂർ പീച്ചി ഡാം തുറന്നതിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ട് . 2018 ൽ ഉണ്ടായ പ്രളയത്തേക്കാൾ തീവ്രതയോടെ കഴിഞ്ഞ ജൂലൈയിൽ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു.

കഴിഞ്ഞ ജൂലൈ 30 ന് പീച്ചി ഡാം തുറന്നശേഷം നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.കടകളിലും വെള്ളം കയറി നാശം സംഭവിച്ചു. റൂൾകർവ് പ്രകാരം പീച്ചി ഡാം തുറക്കേണ്ടത് ജൂലൈ 26നായിരുന്നു.എന്നാൽ ഡാം തുറന്നതാകട്ടെ റൂൾ കർവ് പിന്നിട്ട് നാലാം ദിവസം.ആദ്യം ആറ് ഇഞ്ച് വീതം ഷട്ടറുകൾ ഉയർത്തി.15 മണിക്കൂറിനിടെ 72 ഇഞ്ചായി ഷട്ടറുകൾ ഉയർത്തി. 2018 ൽ മഹാപ്രളയം ഉണ്ടായപ്പോൾ പോലും പീച്ചി ഡാമിന്റെ ഷട്ടറുകൾ ഇങ്ങനെ തുറന്നിട്ടില്ല. റൂൾ കർവ് പ്രകാരം ഡാം തുറന്നിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രളയം സംഭവിക്കില്ലായിരുന്നു.

പീച്ചി ഇറിഗേഷൻ ഓഫിസിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. ഉദ്യോഗസ്ഥർ കാട്ടിയ അലംഭാവത്തിന് നാട്ടുകാർക്കുണ്ടായ നഷ്ടം ചില്ലറയല്ല. ആക്ഷേപം വ്യാപകമായതോടെ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് , സബ് കലക്ടർ അന്വേഷണം നടത്തിയതും വീഴ്ച കണ്ടെത്തിയതും . വിവരാവകാശ നിയമപ്രകാരം ലഭിച്ച അന്വേഷണ റിപ്പോർട്ട്  KPCC സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആണ് പുറത്തുവിട്ടത്.

മണലി പുഴയുടെ ആഴം കൂട്ടാൻ മണലെടുത്ത് മാറ്റണം. പുഴയോരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ , ഇനിയും വെള്ളം കൂടുതൽ വന്നാൽ പ്രളയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 

ENGLISH SUMMARY:

Serious failure in opening Peachey Dam; Inquiry report against irrigation officials