കാസർകോട് തൃക്കരിപ്പൂരിലെ അസ്ഫാഖിന് ഇനി ഇലക്ട്രിക് സൈക്കിളിൽ സ്കൂളിൽ എത്താം. ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക സ്കൂളിലെ പൂർവ്വ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് അസ്ഫാഖിന്‍റെ ഏറെക്കാലത്തെ ആഗ്രഹം സാധ്യമാക്കിയത്.
മുച്ചക്ര സൈക്കിളിൽ വളരെ പ്രയാസപ്പെട്ട് സ്കൂളിലെത്തുന്ന അസ്ഫാഖിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു ഇലക്ട്രിക് സൈക്കിൾ. എന്നാലതിന്‍റെ ചെലവ് തടസ്സമായി. തന്‍റെ ആഗ്രഹം പലപ്പോഴായി അവൻ സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ ഷാനിബയെ അറിയിച്ചിരുന്നു. അസ്ഫാഖിനായി സ്കൂൾ അധികൃതരും സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ പി.പ്രസാദും ഇതിനായി മുന്നിട്ടിറങ്ങി.
പ്രസാദിന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികൾ ചേർന്ന് മുപ്പതിനായിരം രൂപ സമാഹരിച്ചു. 38,000 രൂപ അധ്യാപകരും നൽകി. അതോടെ അഷ്ഫാക്കും ഹാപ്പി. സ്കൂളിൽ നടന്ന ചടങ്ങിൽ സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ പ്രധാനാധ്യാപകൻ വി.കെ.പി അബ്ദുൾ ജബ്ബാറിന് സൈക്കിൾ കൈമാറി.